-->
ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായിരുന്ന മുഹമ്മദ് കുട്ടി അരിക്കോടിന്റെ വിയോഗത്തിൽ അനുസ്മരണ യോഗം നടത്തി മലബാർ ക്ലബ്.2007 മുതൽ എട്ട് വർഷത്തോളം ഖത്തറിൽ പ്രവാസിയായിരുന്ന മുഹമ്മദ് കുട്ടി അരിക്കോട് മെഹ്ഫിലുകളിലൂടെ ഖത്തർ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്നു.
ഹാർമോണിയത്തിന്റെ സ്വരലഹരികളിലൂടെ സംഗീതത്തിന്റെ മായാജാലം പകർന്ന അദ്ദേഹം തന്റെ തനതായ ശൈലിയിൽ മാപ്പിളപ്പാട്ടിനെ സമ്പുഷ്ടമാക്കി.2023 ൽ ഖത്തർ സന്ദർശിച്ച അദ്ദേഹത്തിന് മലബാർ ക്ലബ് നൽകിയ സ്നേഹാദരം സ്മരണയായി നിലനിൽക്കുന്നു. സംഗീതമേഖലയില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവെച്ച അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്‌ന പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികൾ അദ്ദേഹത്തിന്റെ സംഗീതപ്രതിഭയെ മുറുകെ പിടിച്ചവയാണ്.സംഗീതത്തിനായി ജീവിച്ച, സംഗീതത്തിലൂടെ ജീവിച്ച ഒരാൾ ആയിരുന്നു മുഹമ്മദ് കുട്ടി അരിക്കോട്. അദ്ദേഹത്തിന്റെ ഓർമ്മകൾ മാപ്പിളപ്പാട്ടിന്റെ ഓരോ നോട്ടിലും നിറഞ്ഞു നിൽക്കും.നജ്മ ഐബക്ക് ഹാളിൽ നടന്ന അനുശോചന യോഗത്തിൽഎസ് എ എം ബഷീർ, ജി പി ചാലപ്പുറം, മഷൂദ് തങ്ങൾ, അൻവർ ബാബു വടകര , മുസ്തഫ ഏലത്തൂർ, റയീസ് വയനാട് , ഷെഫിർ വാടാനപ്പള്ളി, റഫീഖ് മേച്ചേരി, സലാം കൊല്ലം, സി പി എ ജലീൽ, ഷെരീഫ് നിട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
ഷഫീക്ക് അറക്കൽ