-->
വിദേശ രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ ഹാസ്യ രൂപേണ അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ അക്ഷയ്. ജര്‍മ്മനിയിലെ കോര്‍പ്പറേറ്റ് ജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഒരു കുടിയേറ്റ തൊഴിലാളിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇദ്ദേഹം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്നത്.
ജര്‍മ്മന്‍ ഓഫീസുകളില്‍ 'കുടിയേറ്റക്കാര്‍ ജര്‍മ്മന്‍കാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ജര്‍മ്മന്‍കാര്‍ ജര്‍മ്മന്‍കാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു,' എന്നാണ് വീഡിയോയില്‍ അക്ഷയ് തമാശയായി പറയുന്നത്. ഇത് സാമൂഹിക വിഭജനത്തെ പരിഹസിക്കുന്നതാണ്. കൂടാതെ, ജോലി സ്ഥലത്തെ സൗഹൃദ സംഭാഷണങ്ങളുടെ അഭാവത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്: 'അവര്‍ അവരുടെ ഭക്ഷണവും നിങ്ങളുടെ ആത്മാഭിമാനവും ഒരുമിച്ച് മൈക്രോവേവ് ചെയ്യുന്നു.'എന്നാണ് അക്ഷയ് പറയുന്നത്.
സാധാരണ ഓഫീസ് നടപടിക്രമങ്ങളെ ഹാസ്യരൂപത്തില്‍ അദ്ദേഹം വിവരിക്കുന്നു: 'ഒരു ജര്‍മ്മന്‍ ഓഫീസില്‍ നിന്ന് ഒരു പ്രിന്റൗട്ട് എടുക്കാന്‍, നിങ്ങള്‍ക്ക് ക്ഷമയും, സങ്കടവും, ജനന സര്‍ട്ടിഫിക്കറ്റും, കൂടാതെ ഐടി സപ്പോര്‍ട്ടിന്റെ അഞ്ച് ഘട്ടങ്ങളും ആവശ്യമാണ്.' മറ്റൊരു സംഭവത്തില്‍, ഒരു ടീം മീറ്റിംഗിനിടെ താന്‍ ഒരു തമാശ പറഞ്ഞപ്പോള്‍ അതിന് മറുപടിയായി കമ്പനി 'സംസാരിക്കുന്ന രീതിയും ഔദ്യോഗിക മര്യാദയും' എന്ന വിഷയത്തില്‍ ഒരു സെഷന്‍ സംഘടിപ്പിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസ്താവന, മൂന്ന് വര്‍ഷം ആ കമ്പനിയില്‍ ജോലി ചെയ്ത ശേഷം, ക്രിസ്മസ് പാര്‍ട്ടിയില്‍ അദ്ദേഹം ഒരു പുതിയ ഇന്റേണ്‍ ആണോയെന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചുവെന്നതാണ്. അക്ഷയ് തന്റെ യഥാര്‍ത്ഥ അനുഭവങ്ങളെ ഹാസ്യാത്മകമായ ഉള്‍ക്കാഴ്ചകളുമായി സമന്വയിപ്പിച്ച രീതിയെ ആളുകള്‍ പ്രശംസിച്ചു. പ്രത്യേകിച്ചും മറ്റ് കുടിയേറ്റക്കാരും, ജര്‍മ്മനിയിലെ കര്‍ശനമായ കോര്‍പ്പറേറ്റ് രീതികളുമായി പരിചയമുള്ള പ്രൊഫഷണലുകളും ഈ വീഡിയോ ഏറ്റെടുത്തു.