-->
ബിഹാറിലെ മധുബനി ജില്ലയിലെ ഒരു ജയിലില്‍ നടന്ന വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. അസാധാരണവുമായ സംഭവത്തിനാണ് ജയില്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. കോടതി ഉത്തരവനുസരിച്ച് ഒരു പ്രതി തന്റെ സഹോദരന്റെ വിധവയായ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ജയില്‍ വളപ്പിനുള്ളിലാണ് ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ വിവാഹം നടന്നത്. അതേസമയം, യുവതിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ ഇപ്പോള്‍ ജയിലിലായിരിക്കുന്നതും.
ചോട്ടു യാദവ് എന്ന തടവുകാരന്റെ വിവാഹമാണ് ജയിലില്‍ നടന്നത്. 2022 ലാണ്, ചോട്ടുയാദവിന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്. മരണശേഷം, ചോട്ടു യാദവും സഹോദരന്റെ ഭാര്യയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയായിരുന്നു. ചോട്ടു യാദവ് പലതവണ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതേ തുടര്‍ന്ന് യുവതി പലതവണ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പറഞ്ഞപ്പോള്‍ അവള്‍ വിസമ്മതിച്ചു. പിന്നാലെ ചോട്ടു അവളെ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്നെയും തന്റെ കുഞ്ഞിനെയും സംരക്ഷിക്കാനായി അവള്‍ വീട് വിട്ടിറങ്ങി, വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ചോട്ടു യാദവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം, ഇയാള്‍ പാറ്റ്‌ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ യുവതിയെ വിവാഹം കഴിച്ചാല്‍ മാത്രമേ ജാമ്യം അനുവദിക്കപ്പെടൂ എന്നാണ് കോടതി പറഞ്ഞത്. അത് കീഴ്‌ക്കോടതി അംഗീകരിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന്, കീഴ്‌ക്കോടതിയില്‍ വിവാഹത്തിന്റെ അനുമതി തേടി അപേക്ഷ നല്‍കി. അത് അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ വളപ്പിനുള്ളില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ വിവാഹം നടത്തുകയായിരുന്നു.