-->
കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പലപ്പോഴും തങ്ങള്‍ ശാരീരകവും മാനസികവുമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കമ്പനിയുടെ നെടുംതൂണായി ആറുവര്‍ഷക്കാലം രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്ത ഒരു ജീവനക്കാരന്റെ അനുഭവമാണ് ശ്രദ്ധ നേടുന്നത്. മറ്റാരേക്കാളും മുന്‍പേ ഓഫീസിലെത്തുകയും വൈകി മാത്രം മടങ്ങുകയും ചെയ്യുന്ന അദ്ദേഹം, കമ്പനിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങായി നിന്നിരുന്നു. എന്നാല്‍ അര്‍പ്പണബോധത്തോടെയുള്ള ഈ കഠിനാധ്വാനത്തിന് അര്‍ഹമായ അംഗീകാരമോ സ്ഥാനക്കയറ്റമോ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.
ഇതിനിടെ കമ്പനിയില്‍ പുതുതായി എത്തിയ ഒരു എം.ബി.എ ബിരുദധാരിക്ക് ലഭിച്ച പരിഗണന ഈ ജീവനക്കാരനെ കൂടുതല്‍ നിരാശനാക്കി. താന്‍ ജോലി പഠിപ്പിച്ചുകൊടുത്ത ആ യുവാവ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രിയങ്കരനായി മാറുകയും തനിക്ക് ലഭിക്കാത്ത വലിയ അവസരങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. സ്വന്തം കഴിവിനേക്കാള്‍ ഉപരിയായി, മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ക്കാണ് കോര്‍പ്പറേറ്റ് ലോകത്ത് പലപ്പോഴും മുന്‍ഗണന ലഭിക്കുന്നത് എന്ന കയ്‌പേറിയ സത്യം അദ്ദേഹം അവിടെ തിരിച്ചറിഞ്ഞു.
ഒടുവില്‍, തന്റെ വിശ്വസ്തത ലക്ഷ്യബോധമില്ലാത്ത ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവെച്ച് സ്വന്തമായി ഒരു സംരംഭം ആരംഭിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് കമ്പനി അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയത്. 'കഠിനാധ്വാനം ചെയ്യുന്നവര്‍ അദൃശ്യമായ തൂണുകളെപ്പോലെയാണ്, അവര്‍ പോയിക്കഴിഞ്ഞാലേ കെട്ടിടം ഉലയൂ' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നെത്തുന്നത്.