-->
ദോഹ: പ്ലസ് ടു പരീക്ഷയിൽ സയൻസ് , കോമേഴ്‌സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയംനേടിയ വർക്ക് ഖത്തർ സംസ്‌കൃതിയുടെ പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.അൽ അഷ്ബാൽ സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ എം. എൽ. എ യും ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ്സും ചേർന്ന്പുരസ്‌ക്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചു.
സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ് , കോമേഴ്‌സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അർഹരായത്. മൂവരും ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്. ഖത്തർ സംസ്കൃതിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന അഡ്വ. എ മുഷാബിന്റെ സ്മരണാർത്ഥം ഈ വർഷം മുതലാണ് വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിയത്.ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്കായി എല്ലാവർഷവും നൽകിവരുന്നഎക്സലൻസ് അവാർഡുകളും സമ്മാനിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച 111 പേരും പ്ലസ് ടു പരീക്ഷയിൽ വിജയിച്ച 76 പേരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ ടി ജലീൽ എം. എൽ. എ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിദ്യാർത്ഥികൾ പഠിക്കാൻ വരുന്ന സൗകര്യങ്ങളും സാഹചര്യവും ഉണ്ടാക്കാനുള്ള പരിശ്രമങ്ങളും നടക്കുണ്ടെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് മുഖ്യാതിഥിയായിരുന്നു. നോർക്ക റൂട്സ് ഡയറക്ടർ സി വി റപ്പായി, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ , അഡ്വ. എ മുഷാബിന്റെ മകൾ മുസ്‌മിത മുഷാബ് എന്നിവർ സാന്നിധ്യം വഹിച്ചു.സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും പ്രോഗ്രാം കൺവീനർ ഫഹദ് നന്ദിയും പറഞ്ഞു. സംസ്‌കൃതി അംഗങ്ങളും കളിക്കൂട്ടം കുട്ടികളും വൈവിധ്യങ്ങളാർന്ന കലാ പരിപാടികളും അവതരിപ്പിച്ചു.
ഷഫീക്ക് അറക്കൽ