-->
തായ്‌ലന്‍ഡില്‍ നിന്ന് പുറത്തുവരുന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെ മാന്താന്‍ ശ്രമിച്ച ഒരു പൂച്ചയുടെ കഥയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ബാങ്കോക്കിലെ പോലീസ് ഉദ്യോഗസ്ഥനായ ഡ പരീന്ദ പകീസൂക്കാണ് ഈ പൂച്ചയുടെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താന്‍ ഡ്യൂട്ടിയിലിരിക്കെ ഒരു വ്യക്തി പൂച്ചയുമായി സ്റ്റേഷനിലെത്തിയെന്നു പകീസുക് പറയുന്നു. വഴിയില്‍ കിട്ടിയ അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ വിഭാഗത്തിലുള്ള പൂച്ചയുമായാണ് ആ വ്യക്തി വന്നത്. ഉടമസ്ഥരെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട്, പൂച്ചയെ പോലീസില്‍ ഏല്‍പിച്ച ശേഷം ആ വ്യക്തി മടങ്ങി.
എന്നാല്‍ അടുത്തുവന്ന പോലീസുകാരെയെല്ലാം പൂച്ച മാന്തി. പകീസുക് പൂച്ചയെ അറസ്റ്റ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയും പ്രതികളുടെ ചിത്രമെടുക്കുന്നതുപോലെ അതിന്റെ ചിത്രമെടുക്കുകയും ചെയ്തു. ഒരു നേരമ്പോക്കിനായിരുന്നു ഇത്. അതിനുശേഷം ചിത്രം സമൂഹമാധ്യമത്തിലിടുകയും പൂച്ചയുടെ ഉടമകളുണ്ടെങ്കില്‍ വന്നു ജാമ്യമെടുത്ത് കൊണ്ടുപോകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
പോസ്റ്റ് വൈറലായി. പലരും പൂച്ചയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ യഥാര്‍ഥ ഉടമയ്‌ക്കേ കൈമാറൂ എന്നായിരുന്നു പകീസൂക്കിന്റെ നിലപാട്. ഒരുദിവസത്തിനു ശേഷം യഥാര്‍ഥ ഉടമസ്ഥന്‍ എത്തുക തന്നെ ചെയ്തു. നുബ് ടാങ് എന്നാണു പൂച്ചയുടെ പേര്. പ്രത്യേകസമ്മാനമായി മനോഹരമായ ഒരു കോളറൊക്കെയിടീച്ച് പോലീസുകാര്‍ പൂച്ചയെ ഉടമയ്‌ക്കൊപ്പം വിട്ടു. 'എത്ര മനോഹരമായ ഒരു കുറ്റകൃത്യ കഥ' എന്നാണ് സംഭവത്തില്‍ ഒരാള്‍ കമന്റ് ചെയ്തത്.