-->
ഉടമടള്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കുന്ന നിരവധി വളര്‍ത്തുമൃഗങ്ങളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവരെക്കാള്‍ എല്ലാം അല്പം മുകളിലാണ് ലിലിബെറ്റിന്റെ സ്ഥാനം. കാരണം അവള്‍ താമസിക്കുന്നത് അതിപ്രശസ്തമായ ലണ്ടന്‍ ഹൈഡ് പാര്‍ക്കിലെ ലെന്‍സ്ബറോ എന്ന അത്യാഡംബര പഞ്ചനക്ഷത്ര ഹോട്ടലിലാണ്. കഴുത്തില്‍ സ്വര്‍ണ്ണ കോളര്‍, കഴിക്കുന്നത് ലോകത്തെ ഏറ്റവും വിലയേറിയ 'കാവിയാര്‍'. പരിചരിക്കാന്‍ സദാ സന്നദ്ധരായ ഒരു ടീം. പറഞ്ഞുവരുന്നത് ശരിക്കും ഒരു രാജകുമാരിയെപ്പറ്റിയാണ്. 'ദി ലേഡി ഓഫ് ദി ലെന്‍സ്ബറോ' എന്ന് വിശേഷണമുള്ള സൈബീരിയന്‍ ഇനത്തില്‍പെട്ട പൂച്ചയാണ് നമ്മുടെ താരം. ഒരു ദിവസം ഒരു മുറിക്ക് 26 ലക്ഷമാണ് ലെന്‍സ്ബറോയുടെ വാടക.
എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ വിളിപ്പേരാണ് ലിലിബെറ്റ്. കൊട്ടാരം പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ രാജ്ഞിയെപ്പോലെ കഴിയുന്ന പൂച്ചസുന്ദരിക്ക് ലഭിച്ചത് ആ പേരാണ്. നീണ്ട രോമങ്ങളാണ് ലിലിബെറ്റിന്. ഇംഗ്ലണ്ടില്‍ നിന്നും വളരെ കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകള്‍ അവളെ സ്വന്തമാക്കിയത്. ഹോട്ടല്‍ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തായതിനാല്‍ തങ്ങളുടെ 'കുഞ്ഞ് രാജ്ഞി'ക്കും ലിലിബെറ്റ് എന്ന പേരിടുകയായിരുന്നു. ഹോട്ടലില്‍ എവിടെയും യഥേഷ്ടം സഞ്ചരിക്കാന്‍ ലിലിബെറ്റിന് സ്വാതന്ത്ര്യമുണ്ട്. ദിവസം മുഴുവന്‍ യാതൊരു മടിയുമില്ലാതെ അവള്‍ അതിഥികളെ അഭിവാദ്യം ചെയ്യും. എന്നാല്‍ ചില അതിഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രധാന ഭക്ഷണശാലയിലേക്ക് കടന്നുചെല്ലാന്‍ മാത്രം അവള്‍ക്ക് അനുവാദമില്ല വെന്‍സ്ബറോയില്‍.
തന്റെ പതിവ് പൂച്ച ട്രീറ്റുകള്‍ക്കുപുറമെ വിശിഷ്ട വിഭവമായ 'കാവിയാറും' അവളുടെ ഇഷ്ടഭക്ഷണമാണ്. അതീവ മൃദുവായ സോഫകളിലും കിടക്കകളിലുമാണ് വിശ്രമം. ഇടയ്ക്ക് ഗ്രാന്‍ഡ് പിയോനയില്‍ ഒന്ന് വിരലോടിക്കും. പൂച്ചകളെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയിലും ലിലിബെറ്റ് താരമാണ്. അവളുടെ പേരില്‍ ഒരു കോക്‌ക്ടെയ്ല്‍ പോലും ഉണ്ട്. ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അവളെ സ്‌നേഹവും സമ്മാനങ്ങളും കൊണ്ട് പൊതിയുന്നവരാണ് മിക്കവരും. ഹോട്ടലിന്റെ പേരിനൊപ്പം തന്നെ പ്രശസ്തയായ ലിലിബെറ്റിനെ കാണാന്‍ വേണ്ടി മാത്രം ഹോട്ടലിലെത്തുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ അവളുടെ സുരക്ഷയില്‍ ഹോട്ടലധികൃതര്‍ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. അവളുടെ ഓരോ ചലനവും നിരന്തരം ട്രാക്ക് ചെയ്യപ്പെടുന്നു. ഹോട്ടലിന്റെ സോഷ്യല്‍മീഡിയ പേജുകളിലും ലിലിബെറ്റ് എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.