-->
വിവാഹം അല്പം ചിലവ് കൂടിയ ചടങ്ങ് തന്നെയാണ്. അതിഥി സല്‍ക്കാരത്തില്‍ തുടങ്ങി അങ്ങ് നീളുകയാണ് ലിസ്റ്റ്. എങ്കിലും ചിലര്‍ ആഡംബര പൂര്‍ണമായി ആഘോഷങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ചിലര്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ വിവാഹാഘോഷങ്ങള്‍ നടത്താന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ചൈനീസ് ദമ്പതികള്‍ നടത്തിയ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വിവാഹാഘോഷമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചടങ്ങില്‍ പങ്കെടുത്ത 140 അതിഥികള്‍ക്ക് ഇവര്‍ വിരുന്നൊരുക്കിയത് ഒരു റസ്റ്റോറന്റിലാണ്. ഓഡിറ്റോറിയമോ ഇവന്റ് മാനേജ്‌മെന്റ് ടീമോ ഒന്നുമില്ലാതെ നടത്തിയ ഇവരുടെ വിവാഹ ആഘോഷത്തിന് ആകെ ചിലവായത് ഏകദേശം 3,000 യുഎസ് ഡോളറാണ്. അതായത് ഏകദേശം 2.5 7 ലക്ഷം രൂപ. മറ്റൊരു കൗതുകകരമായ കാര്യം കൂടിയുണ്ട്, അതിഥികള്‍ ഭക്ഷണം കഴിച്ച വകയില്‍ റസ്റ്റോറന്റില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച ബില്ലിന്റെ നീളം എത്രയാണെന്ന് അറിയണ്ടേ? രണ്ട് മീറ്റര്‍.
വളരെ അപ്രതീക്ഷിതമായാണ് ഈ ദമ്പതികള്‍ തങ്ങളുടെ വിവാഹം റസ്റ്റോറന്റില്‍ നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിനായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഓഡിറ്റോറിയം അവസാന നിമിഷത്തില്‍ റദ്ദായി പോയതാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം തേടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശസ്തമായ ചൈനീസ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖലയായ ഹൈദിലാവോയിലാണ് വിരുന്ന് സല്‍ക്കാരം നടന്നത്. താനും ഭര്‍ത്താവും ഹൈദിലാവോയുടെ വലിയ ആരാധകരാണെന്നും ചിലപ്പോള്‍ തങ്ങളുടെ വിവാഹം ഹൈദിലാവോയിലാകും നടക്കുകയെന്ന് ഒരിക്കല്‍ തമാശ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും 26 കാരിയായ വധു ഷാവോ പങ്കുവെച്ചു.
റസ്റ്റോറന്റുമായി ബന്ധപ്പെട്ടപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും തങ്ങളാല്‍ കഴിയും വിധം അവര്‍ വിരുന്നു സല്‍ക്കാരത്തിനായി റസ്റ്റോറന്റ് അലങ്കരിച്ചുവെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് പരമ്പരാഗതമായ ചടങ്ങുകള്‍ ഒന്നുമില്ലായിരുന്നുവെന്നും വേണ്ടപ്പെട്ടവരോടൊപ്പമുള്ള സന്തോഷകരമായ ഒരു കൂടിച്ചേരല്‍ മാത്രമായാണ് ആഘോഷങ്ങള്‍ നടത്തിയതെന്നും ദമ്പതികള്‍ പറഞ്ഞു. കൂടാതെ അതിഥികളില്‍ നിന്നും പണമോ സമ്മാനങ്ങളും സ്വീകരിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ജിയാങ്സു, ഷെജിയാങ് തുടങ്ങിയ സമ്പന്ന പ്രവിശ്യകളിലെ വിവാഹ ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ ആവുന്നതല്ല. ഓരോ വിരുന്ന് മേശകള്‍ക്ക് പോലും 700 ഡോളറില്‍ അധികമാകുമെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിവാഹങ്ങള്‍ ബജറ്റ് ഫ്രണ്ട്ലി ആകണമെന്ന അഭിപ്രായം ചൈനയിലെ യുവാക്കള്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ വ്യാപകമായി ഉയരുന്നുണ്ട്.