-->
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വന്യമൃഗങ്ങളോടൊത്തുള്ള വൈറല്‍ വീഡിയോകളിലൂടെ പ്രശസ്തനായ പാകിസ്ഥാന്‍ കണ്ടന്റ് ക്രീയേറ്റീവ് നൌമാന്‍ ഹസ്സന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ഒരു കടുവയെ ചുംബിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വീഡിയോയില്‍ കാണാം. വീഡിയോയില്‍ കടുവയെ ഏറെ ഇണക്കത്തോടെ കാണാം. അത് ഒരിക്കല്‍ പോലും നൌമാന്‍ ഹസ്സനെതിരെ തിരിയുന്നില്ലെന്ന് മാത്രമല്ല, ഏറെ സ്‌നേഹത്തോടെ പെരുമാറുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് നൌമാന്റെ കൈയില്‍ കടിക്കാന്‍ കടുവ ചെറിയൊരു ശ്രമം നടത്തുന്നതും വീഡിയോയില്‍ ഉണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ രംഗത്തെത്തി. ഇത്രയും വന്യമായ ജീവിയുടെ അടുത്ത് പെരുമാറാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്നായിരുന്നു ഭൂരിഭാഗം പേരും ചോദിച്ചത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഹൃദയ ചിഹ്നം കമന്റ് ബോക്‌സില്‍ അവശേഷിപ്പിച്ചു. അതേസമയം മറ്റ് ചിലര്‍ വീഡിയോയെ നിശിതമായി വിമര്‍ശിച്ചു. കടുവയെ ചുംബിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ചങ്ങലയില്‍ ആണോ അല്ലയോ എന്ന് വ്യക്തമല്ല. ഒരു പുല്‍ത്തകിടിയില്‍ അലസമായി കിടക്കുന്ന കടുവയുടെ അടുത്ത് ചെന്നാണ് അദ്ദേഹം ചുംബിക്കാന്‍ ശ്രമിക്കുന്നത്.
ചിലര്‍ നൌമാന്റെ ധൈര്യത്തെ പ്രശംസിച്ചു. അതേസമയം വന്യമൃഗങ്ങളെ ഇത്തരത്തില്‍ വളര്‍ത്തുന്നതിലുള്ള ധാര്‍മ്മികയായിരുന്നു മറ്റ് ചിലരുടെ പ്രശ്‌നം. ഇത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയവരും കുറവല്ല. വീഡിയോ ക്ലിപ്പ് ഒന്ന് കണ്ടപ്പോള്‍ തന്നെ ഞാന്‍ ഭയന്ന് പോയിയെന്ന് ഒരു കാഴ്ചക്കാരനെഴുതി. വന്യമൃഗങ്ങള്‍ കുറച്ച് കൂടി ബഹുമാനം അര്‍ഹിക്കുന്നുവെന്നായിരുന്നു ചിലരെഴുതിയത്. വന്യമൃഗങ്ങളോടൊത്തുള്ള വീഡിയോകള്‍ക്ക് ഇതിന് മുമ്പും നൌമാന്‍ ഹസ്സന്‍ നിശിതമായി വിമര്‍ശനം നേരിട്ടിരുന്നു. ഒരിക്കല്‍ തിരക്കേറിയ ഒരു തെരുവിലൂടെ ചങ്ങലയ്ക്കിട്ട കടുവയുമായി ഇദ്ദേഹം നടക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ തോതില്‍ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു.