-->
മലപ്പുറം: കാളിക്കാവില്‍ കൂട്ടിലകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സംഘടിച്ച് നാട്ടുകാര്‍. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസിയാണ് കൂട്ടിലായ നിലയില്‍ കടുവയെ കണ്ടത്. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും കൂട്ടിലായത് നരഭോജികടുവയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 53ാം ദിവസത്തിന് ശേഷമാണ് സുല്‍ത്താന്‍ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
കടുവയെ വെടിവെച്ച് കൊല്ലുകയോ മൃഗശാലയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 'പ്രദേശത്ത് വേറെയും കടുവകള്‍ ഉണ്ട്. ഇത്രസമയമായിട്ടും കൂട്ടിലായത് നരഭോജി കടുവയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല', എന്നും പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വന്യജീവി ശല്യം കാരണം ടാപ്പിംഗിന് പോകാന്‍ സാധിക്കാത്തതിനാല്‍ പ്രദേശത്തെ വീടുകളില്‍ ദാരിദ്ര്യം ബാധിച്ചുതുടങ്ങിയെന്നും ഇവര്‍ പറയുന്നു.