-->
മുംബൈ : ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് നാളെ നടക്കാനാരിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള മല്‍സരം. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീമാണ് ശ്രേയസ് അയ്യരുടെ പഞ്ചാബെങ്കില്‍ സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തുന്നുവെന്നത് റോയല്‍സിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു.
നിലവില്‍ രണ്ടു മല്‍സരങ്ങളിലും ആധികാരികമായി ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ്. റോയല്‍സാവട്ടെ ഒമ്പതമതുമാണ്. മൂന്നു കളിയില്‍ രണ്ടിലും തോറ്റ അവര്‍ക്കു ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. എന്നാല്‍ ഈ മൂന്നു മല്‍സരങ്ങളിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്.വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമേ സഞ്ജുവിനെ കണ്ടിരുന്നുള്ളൂ.
നാളെ രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടുമ്പോൾ സഞ്ജുവിനെ എങ്ങനെ പൂട്ടാം എന്നായിരിക്കും പഞ്ചാബിന്‍റെ ചിന്ത. സഞ്ജുവിനെ പൂട്ടാൻ പഞ്ചാബ് ടീമിൽ ശ്രേയസിന് ഒരു വജ്രായുധമുണ്ട്. സഞ്ജുവിന്‍റെ സുഹൃത്തും മുൻ ടീം അംഗവുമായ ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹൽ. ഒരുമിച്ച് കളിച്ചുള്ള പരിചയവും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളും ചഹലിന് അനുകൂലമാണ്. അതിനാൽ തന്നെ നാളത്തെ കളിയിൽ ചഹൽ പവര്‍ പ്ലേയിൽ പന്തെറിയാനുള്ള സാധ്യതയും കൂടുതലാണ്.
ഐപിഎല്ലിലെ കണക്കുകൾ പരിശോധിച്ചാൽ സഞ്ജുവിനെതിരെ ചഹൽ 51 പന്തുകൾ എറിഞ്ഞിട്ടുണ്ട്. വെറും 52 റൺസ് മാത്രമാണ് സഞ്ജുവിന് സ്കോര്‍ ചെയ്യാൻ കഴിഞ്ഞത്. അതിൽ 23 പന്തുകളിൽ സഞ്ജുവിന് റൺസ് നേടാനായിട്ടുമില്ല. സ്ട്രൈക്ക് റേറ്റ് ആകട്ടെ 103ഉം. ഐപിഎല്ലിൽ 5 തവണ സഞ്ജുവിനെ പുറത്താക്കിയ താരമാണ് ചഹൽ. 2020ൽ മാത്രം രണ്ട് തവണ സഞ്ജു ചഹലിന് മുന്നിൽ അടിയറവ് പറഞ്ഞു. 2015, 16, 19 സീസണുകളിൽ ഓരോ തവണയും സഞ്ജുവിനെ ചഹൽ പുറത്താക്കി.റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം വിട്ട് ചഹൽ രാജസ്ഥാനിലെത്തി. കഴിഞ്ഞ മൂന്ന് സീസണുകളിലും ചഹൽ രാജസ്ഥാനൊപ്പമായിരുന്നു. സഞ്ജുവിന്റെ് കരുത്തും ദൗര്‍ബല്യങ്ങളും ഒരുപോലെ അറിയുന്ന ചഹലിന്‍റെ പ്രകടനം നാളത്തെ മത്സരത്തിൽ നിര്‍ണായകമാകും. 'മുൻ പരിചയം' മുതലാക്കാൻ സഞ്ജുവിനായാൽ ശ്രേയസിനും കൂട്ടര്‍ക്കും കാര്യങ്ങൾ എളുപ്പമാകുകയുമില്ല.