-->
കൊല്‍ക്കത്ത: സിംബാബ്‌വേയുടെ പേസര്‍ ബ്ലെസിങ് മുസര്‍ബാനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍.
പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് ക്ലബ് ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാര്‍ ഉപേക്ഷിച്ചാണു മുസര്‍ബാനി ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. ബംഗ്ലാദേശിന്റെ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ കരാറില്‍നിന്ന് ഒഴിവാക്കിയതോടെയാണ് മുസര്‍ബാനിക്ക് കൊല്‍ക്കത്തയില്‍നിന്നു ക്ഷണമെത്തിയത്. കഴിഞ്ഞ താര ലേലത്തില്‍ 9.2 കോടി രൂപയ്‌ക്കാണു കൊല്‍ക്കത്ത മുസ്‌താഫിസുറിനെ സ്വന്തമാക്കിയത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വിവിധ ഹിന്ദു സംഘടനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ബി.സി.സി.ഐയാണു മുസ്‌താഫിസുറിനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഒഴിവാക്കിയ ബംഗ്ലാ താരം ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന്റെ ഭാഗമായി. 26 മുതലാണു പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍. മുള്‍ട്ടാന്‍ സുല്‍ത്താന് പി.എസ്.എല്‍. കിരീടം നേടിക്കൊടുത്ത താരമാണു മുസര്‍ബാനി. കഴിഞ്ഞ താര ലേലത്തില്‍ താരത്തെ ആരും വാങ്ങിയില്ല.
വെസ്‌റ്റിന്‍ഡീസിന്റെ ഷാമാര്‍ ജോസഫിന് പകരക്കാരനായാണ് ഇസ്ലാമബാദ് യുണൈറ്റഡിലെത്തിയത്‌്. നൈറ്റ്‌റൈഡേഴ്‌സില്‍നിന്ന് മികച്ച ഓഫര്‍ ലഭിച്ചതോടെ കരാര്‍ റദ്ദാക്കി. ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് മുസര്‍ബാനിയെ കൊല്‍ക്കത്തയിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളെടുക്കാന്‍ താരത്തിനായി. സിംബാബ്‌വേയെ സൂപ്പര്‍ എട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.