-->
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ അര്‍ദ്ധസെഞ്ച്വറി നേടുകയും പ്‌ളേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഉയരുകയൂം ചെയ്ത സഞ്ജുസാംസണെ നിര്‍ണ്ണായകമായ മൂന്ന് മത്സരത്തിലും കൊണ്ടുവന്നത് ഇന്ത്യ വജ്രായുധമായി. എതിരാളികളുടെ ഓഫ്‌സ്പിന്‍ കെണി പൊളിക്കാന്‍ കൊണ്ടുവന്ന അദ്ദേഹം അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ഇന്ത്യ കപ്പിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
സഞ്ജു സാംസണെ പ്ലേയിങ് ഇലവനിലേക്ക് എത്തിച്ച നിര്‍ണ്ണായക തന്ത്രപരമായ മാറ്റത്തെക്കുറിച്ച് ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ പതറിയതാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്.
ലോകകപ്പില്‍ സിംബാബ്‌വേയ്ക്ക് എതിരേയുള്ള മത്സരത്തിലാണ് സഞ്ജുവിനെ ആദ്യം കളിപ്പിച്ചത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. നാല് മത്സരങ്ങളില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. ടോപ്പ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയ്യന്‍ ബാറ്റര്‍മാരുള്ള ഇന്ത്യയ്ക്കെതിരെ എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ വിജയകരമായി ഉപയോഗിച്ചു.
ഓഫ് സ്പിന്നിനെതിരെ ബാറ്റിങ്ങില്‍ ബാലന്‍സ് കൊണ്ടുവരാനുമാണ് സഞ്ജുവിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് കോട്ടക്ക ഒരു അഭിമുഖത്തില്‍ പറഞ്ഞു. ''സമ്മര്‍ദ്ദമേറിയ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സഞ്ജു നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം നടത്തുകയും ചെയ്തു. സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് ആയി മാറി. ടൂര്‍ണമെന്റിന്റെ അദ്ദേഹം മിന്നും പ്രകടനമാണ് കാഴ്ചവെച്ചു.''
ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയയ്ക്കെതിരെ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. അതും അഭിഷേക് ശര്‍മ്മയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ മാത്രം. എന്നാല്‍ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതോടെ, ബാറ്റിങ് ശൈലി പരിഷ്‌കരിക്കാന്‍ മാനേജ്മെന്റ് സഞ്ജുവിനെ സ്ഥിരമായി പ്ലേയിങ് ഇലവനിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെയും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചറിയൂം നേടി. ഈ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന് 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരവും ഐസിസി ലോകകപ്പ് ടീമില്‍ ഓപ്പണിങ് ബാറ്ററായി സ്ഥാനവും നേടിക്കൊടുത്തു.