Sunday, March 15, 2026 Last Updated 49 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.35 PM

ആന്ദ്രെ കിമി ആന്റനെല്ലിയുടെ പേരും ചരിത്രം

uploads/news/2026/03/830269/sp1.jpg

ഷാങ്‌ഹായ്‌: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സര ചരിത്രത്തിലിനി മെഴ്‌സിഡസിന്റെ ഇറ്റലിക്കാരന്‍ ആന്ദ്രെ കിമി ആന്റനെല്ലിയുടെ പേരും. ചൈനീസ്‌ ഗ്രാന്‍പ്രീയില്‍ പോള്‍ പൊസിഷന്‍ നേടിയാണ്‌ 19 വയസുകാരനായ ആന്റനെല്ലി ചരിത്രം കുറിച്ചത്‌. സെബാസ്‌റ്റ്യന്‍ വെട്ടല്‍ 2008 ല്‍ കുറിച്ച ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ പോള്‍ സിറ്റര്‍ എന്ന നേട്ടമാണ്‌ ഇറ്റാലിയന്‍ താരം തിരുത്തി സ്വന്തമാക്കിയത്‌്.
2008-ലെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ 21 വര്‍ഷവും 72 ദിവസവും പ്രായമുള്ളപ്പോഴാണ്‌ വെട്ടല്‍ റെക്കോഡിട്ടത്‌. 19 വയസുകാരനായ ആന്റനെല്ലി ഷാങ്‌ഹായ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സഹ താരം ബ്രിട്ടന്റെ ജോര്‍ജ്‌ റസലിനെയാണു സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്തള്ളിയത്‌. 19 വര്‍ഷവും ആറ്‌ മാസവും 17 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ പ്രകടനം.
ഫെരാരിയുടെ മുന്‍ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ്‌ ഹാമില്‍ട്ടണ്‍ മൂന്നാമതും ഫ്രാന്‍സിന്റെ ചാള്‍സ്‌ ലെ ക്ലാര്‍ക്ക്‌ നാലാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു. മക്ലാറന്റെ ഓസ്‌ട്രേലിയക്കാരന്‍ ഡ്രൈവര്‍ ഓസ്‌കാര്‍ പിയാസ്‌ട്രി, ലാന്‍ഡോ നോറിസ്‌ എന്നിവര്‍ അഞ്ചും ആറും സ്‌ഥാനങ്ങളിലെത്തി. ആല്‍പീന്റെ ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ പീര്‍ ഗാസ്ലിയാണ്‌ ഏഴാമത്‌്. റെഡ്‌ ബുള്ളിന്റെ മുന്‍ ലോക ചാമ്പ്യന്‍ ഹോളണ്ടിന്റെ മാക്‌സ് വെര്‍സ്‌റ്റാപന്‍, ഹാദ്‌ജാര്‍ എന്നിവര്‍ എട്ട്‌, ഒന്‍പത്‌ സ്‌ഥാനങ്ങളിലെത്തി. ഇന്ത്യന്‍ സമയം ഇന്നുച്ചയ്‌ക്ക് 12.30 മുതലാണു ചൈനീസ്‌ ഗ്രാന്‍പ്രീ. ഷാങ്‌ഹായ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്‌ അപ്രതീക്ഷിത അട്ടിമറികളുടെ സ്‌ഥിരം വേദിയാണ്‌. 5.45 കിലോമീറ്റര്‍ നീളമുള്ള റേസിങ്‌ ട്രാക്കില്‍ 16 വളവുകളുണ്ട്‌. നീളം കൂടിയ സ്‌ട്രെയിറ്റുകളും വ്യത്യസ്‌ത സ്വഭാവമുള്ള കോര്‍ണറുകളും ചേര്‍ന്നതിനാല്‍ എന്‍ജിന്‍ കാര്യക്ഷമത, എനര്‍ജി മാനേജ്‌മെന്റ്‌, എയറോഡൈനാമിക്‌ ഡിസൈന്‍ എന്നിവ ഒരുപോലെ പരീക്ഷിക്കും. റേസ്‌ സ്‌പ്രിന്റ്‌ റേസ്‌ ഫോര്‍മാറ്റിലാണ്‌. ടീമുകള്‍ക്ക്‌ വാഹനത്തിന്റെ സെറ്റപ്പ്‌ മെച്ചപ്പെടുത്താന്‍ സമയം കുറവായിരിക്കും. ഒരു പ്രാക്‌ടീസ്‌ സെഷനും ക്വാളിഫയിങ്‌ കഴിഞ്ഞാല്‍ നേരിട്ട്‌ സ്‌പ്രിന്റ്‌ റേസാണ്‌.
ക്വാളിഫയിങില്‍ തന്നെ ശരിയായ സെറ്റപ്പ്‌ കണ്ടെത്തുന്ന ടീമുകള്‍ക്കു നേട്ടമാകും.
മെഴ്‌സിഡസിന്റെ ആന്റനെല്ലിയും റസലും മെഡല്‍ പട്ടികയിലെത്തുമെന്നാണു ഫോര്‍മുല വണ്‍ വിദഗ്‌ധരുടെ നിഗമനം. ഷാങ്‌ഹായ്‌ ട്രാക്കിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഏകദേശം 1.2 കിലോമീറ്റര്‍ നീളമുള്ള ബാക്ക്‌ സ്‌ട്രെയിറ്റാണ്‌. ഈ ഭാഗത്ത്‌ കാറുകള്‍ പലപ്പോഴും 330 കിലോ മീറ്റര്‍ വേഗം കടക്കും. സ്ലിപ്‌സ്ട്രീം ഉപയോഗിച്ച്‌ മുന്നിലുള്ള കാറിനോട്‌ അടുത്ത്‌ ചേര്‍ന്നെത്തുന്ന ഡ്രൈവര്‍മാര്‍ സ്‌ട്രെയിറ്റിന്റെ അവസാനം വരുന്ന ടേണ്‍ 14 ഹെര്‍പിന്‍ വളവിലാണ്‌ പ്രധാനമായും ഓവര്‍ടേക്കിങ്‌ നടത്തുക. ബ്രേക്കിങ്‌ മേഖല കൂടിയായതിനാല്‍ ധൈര്യവും കൃത്യതയും ഒരു പോലെ ആവശ്യമാണ്‌.
ട്രാക്കിന്റെ തുടക്കത്തിലെ ടേണ്‍ 1-2 കോംപ്ലക്‌സ് മറ്റൊരു സവിശേഷ മേഖലയാണ്‌. സ്‌പൈറല്‍ രൂപത്തിലുള്ള നീളം കൂടിയ ഈ വളവില്‍ ഉയര്‍ന്ന വേഗത്തില്‍ പ്രവേശിക്കുന്ന കാറുകള്‍ വളവിന്റെ അവസാനം എത്തിയപ്പോള്‍ വേഗം ഗണ്യമായി കുറയ്‌ക്കേണ്ടിവരും. ചെറിയ പിഴവുകള്‍ പോലും സമയം നഷ്‌ടപ്പെടുത്തും.

Ads by Google
Saturday 14 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW