Wednesday, March 11, 2026 Last Updated 53 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 08.54 PM

ജന്മനാട്ടില്‍ അഭിമാനത്തോടെ സഞ്ജു ; ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടിയും എ എ റഹീം എംപിയുമടക്കം പ്രമുഖർ ചേര്‍ന്നാണ് സ്വീകരിച്ചത്.
sanju samson

തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ ജന്മനാട്ടിലെത്തി മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടിയും എ എ റഹീം എംപിയുമടക്കം പ്രമുഖർ ചേര്‍ന്നാണ് സ്വീകരിച്ചത്.

2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു സഞ്ജു. ഫൈനലിൽ അദ്ദേഹം നേടിയ 89 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരമാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് സഞ്ജു അറിയപ്പെടുന്നത്.

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഓപ്പണര്‍ സഞ്ജു സാംസൺ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി. മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തു. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW