-->
ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ കേരളത്തിനത് വലിയൊരു അഭിമാനനിമിഷം കൂടിയായിരുന്നു. ക്രിക്കറ്റ് മൈതാനിയില്‍ തകർത്താടിയ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് അതിനു കാരണമായി മാറിയത്. സഞ്ജുവിനെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തപ്പോൾ ഇന്ത്യയുടെ ഹീറോയായി സഞ്ജു മാറി.
ഇപ്പോഴിതാ ക്രിക്കറ്റ് മൈതാനിയിലെ ഹീറോ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. ലോകകപ്പ് ജയത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജു തിരുവനന്തപുരത്തെ ഒരു സാധാരണ ചായക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കാനെത്തിയ വീഡിയോയിലൂടെയാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യൻ ക്രിക്കറ്റില്‍ തന്റെ പേര് മറക്കാനാവാത്ത വിധം എഴുതിചേർത്ത് ഹീറോയായ താരത്തെ പെട്ടെന്ന് ചായക്കടയില്‍ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു അവിടുത്തെ ജീവനക്കാരും നാട്ടുകാരും. കറുത്ത ടി-ഷർട്ട് ധരിച്ച്, യാതൊരുവിധ താരജാഡകളുമില്ലാതെ ചായയും പലഹാരങ്ങളും ആസ്വദിക്കുന്ന സഞ്ജുവിനെ വീഡിയോയില്‍ കാണാം.
ആരാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നുവെന്നത് തിരിച്ചറിഞ്ഞതോടെ കടയിലെ ജീവനക്കാർ ഫോട്ടോ എടുക്കാനായി അരികിലെത്തി. ആരോടും ഒരു മടിയും കാണിക്കാതെ ചിരിച്ചുകൊണ്ട് അവർക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത ശേഷമാണ് സഞ്ജു അവിടെനിന്നും മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ‘കോടികള്‍ വിലയുള്ള താരം, മാൻ ഓഫ് സിംപ്ലിസിറ്റി, ചേട്ടന്‍ സൂപ്പറാ...’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.
Man of simplicity ❤️Sanju Samson spotted at a local tea shop in Kerala today. The staffs were surprised to see their World Cup Hero stop by and clicked pictures with them 😇 pic.twitter.com/b0VWFEyPe3— Deepu (@deepu_drops) March 12, 2026
ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം 321 റണ്‍സാണ് സഞ്ജു നേടിയത്. ഫൈനലിലെ പ്രകടനം ഉള്‍പ്പെടെ മൂന്ന് തുടർച്ചയായ അർധ ശതകങ്ങളുമായി ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജുവിനെ വിരാട് കോലി ഉള്‍പ്പെടെയുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു.
ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാനായി ടീമിനൊപ്പം ചേരുന്നതിന് മുൻപുള്ള ചെറിയ ഇടവേള ആഘോഷിക്കുകയാണ് സഞ്ജുവിപ്പോൾ. കളിക്കളത്തിലെ ആവേശവും തകർപ്പൻ ബാറ്റിങ്ങും ജീവിതത്തിലെ വിനയവും ‘ചേട്ടനോ’ടുള്ള ആരാധകരുടെ സ്നേഹം ഇരട്ടിപ്പിക്കുന്നു.