-->
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 12-ാം സീസണില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഈസ്‌റ്റ് ബംഗാളിനെതിരേ എവേ മത്സരത്തില്‍ സമനില നേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു പോയിന്റ് നേടിയത്. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്.
പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി യൂസഫ് എസിജാറി ഈസ്‌റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ മുഹമ്മദ് അജ്‌സലിന്റെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. അഞ്ച് കളികളില്‍നിന്ന് ഒരു പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് 12-ാം സ്‌ഥാനത്തു തുടര്‍ന്നു. അത്രയും കളികളില്‍ എട്ട് പോയിന്റുള്ള ഈസ്‌റ്റ് ബംഗാള്‍ മൂന്നാം സ്‌ഥാനത്താണ്.
സന്ദീപ് സിങ്, ഐബാന്‍, ഹോര്‍മിപാം റൂയിവ, ഫാലോ എന്‍ഡിയായെ, നവോച്ച സിങ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് കറ്റാല കളത്തിലിറക്കിയത്. വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവര്‍ മധ്യനിരയിലും കെവിന്‍ യോക്ക്, മുഹമ്മദ് അജ്‌സല്‍ എന്നിവര്‍ മുന്നേറ്റനിരയിലും അണിനിരന്നു. സെനഗല്‍ താരം ഫാലോ എന്‍ഡിയായെയുടെ ബ്ലാസ്‌റ്റേഴ്‌സിനായുള്ള അരങ്ങേറ്റം കൂടിയായിരുന്നു അത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സിനെ 10-ാം മിനിറ്റില്‍ ഈസ്‌റ്റ് ബംഗാള്‍ ഞെട്ടിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഐയ്‌ബാന്‍ഭ ദോലിങിന്റെ ഫൗളിനാണു റഫറി പെനാല്‍റ്റി വിധിച്ചത്. സ്‌പാനിഷ് താരം യൂസഫ് എസെജാരിയുടെ കിക്ക് ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്‌ഖിനെ മറികടന്നു. പതറാതെ കളിച്ച ബ്ലസ്‌റ്റേഴ്‌സ് സമനിലയ്‌ക്കായി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഒന്നാം പകുതിയുടെ അവസാന നിമിഷം ഫാലോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
പകുതിയില്‍ ഈസ്‌റ്റ് ബംഗാള്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധം ഉറച്ചുനിന്നു. ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്‌ഖിന്റെ പ്രകടനവും പ്രതിരോധ നിരയുടെ ഒത്തിണക്കവും ആതിഥേയരെ തടഞ്ഞുനിര്‍ത്തി. മധ്യനിരയില്‍ എബിദാസിന്റെ മികച്ച പ്രകടനം ടീമിന് തിരിച്ചുവരാനുള്ള ഊര്‍ജം നല്‍കി. ഈസ്‌റ്റ് ബംഗാള്‍ ജയമുറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇഞ്ചുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്‌ത് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സല്‍ ബ്ലാസ്‌റ്റേഴ്‌സിന് വിലപ്പെട്ട സമനില സമ്മാനിച്ചു.
നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സുപ്പര്‍ ജയന്റിനെ ബംഗളുരു എഫ്.സി. ഗോള്‍രഹിത സമനിലയില്‍ കുരുക്കി. സ്വന്തം തട്ടകമായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലാണു ബംഗളുരു ബഗാനെ തടുത്തു നിര്‍ത്തിയത്. കളിയുടെ 68 ശതമാനം സമയത്തും പന്ത് ബഗാന്‍ താരങ്ങളുടെ പക്കലായിരുന്നു. ബഗാന്റെ സീസണിലെ ആദ്യ സമനിലയാണ്.
അഞ്ച് കളികളില്‍നിന്നു 13 പോയിന്റുള്ള ബഗാന്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. രണ്ടാം സ്‌ഥാനത്തുള്ള ജംഷഡ്‌പുര്‍ എഫ്.സി. നാല് കളികളില്‍നിന്നു 12 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്. അഞ്ച് കളികളില്‍നിന്ന് എട്ട് പോയിന്റുള്ള ബംഗളുരു ആറാം സ്‌ഥാനത്താണ്.