-->
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ കെ.സി.എ. നിര്‍മിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടന വേദിയിലാണ് താരത്തെ ആദരിക്കുക.
നാളെ വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സ്‌റ്റേഡിയം സമര്‍പ്പിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്‌ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദരിക്കുന്നത്.
കെ.സി.എ. പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി. അബ്‌ദുറഹ്‌മാന്‍, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, എം.എല്‍.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണായകമായ സഞ്‌ജു പുതിയ തലമുറയിലെ കായികതാരങ്ങള്‍ക്കു പ്രചോദനമാകുമെന്നു മംഗലപുരം സ്‌റ്റേഡിയം തലസ്‌ഥാനത്തെ ക്രിക്കറ്റ് വളര്‍ച്ചയ്‌ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. സഞ്‌ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് ഉദ്‌ഘാടനത്തിന്റെ മാറ്റുകൂട്ടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.