-->
മഞ്ചേരി: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സിക്കു തോല്‍വി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണു ഗോകുലത്തെ തോല്‍പ്പിച്ചത്.
സീസണില്‍ മുന്ന് കളികള്‍ കഴിഞ്ഞെങ്കിലും ഗോകുലത്തിനു ജയിക്കാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവര്‍ സമനില വഴങ്ങി. 54-ാം മിനിറ്റിലെ ഫാബ്രിസ് കാ എന്‍കാവയുടെ ഗോളാണു ശ്രീനിധിയെ ജയത്തിലെത്തിച്ചത്‌്. കഴിഞ്ഞ മത്സരത്തില്‍ ചാന്‍മാരി എഫ്.സിയോട് 2-1 നു തോറ്റ ശേഷമാണു ശ്രീനിധി മഞ്ചേരിയില്‍ കളിക്കാനെത്തിയത്. ദിമിത്രിസ് ദിമിത്രോവു കോച്ചായ ശേഷം നടക്കുന്ന പ്രധാന മത്സരമാണിത്. ഡേവിഡ് കസ്‌റ്റാന്‍ഡയുടെ നേതൃത്വത്തില്‍ ശ്രീനിധി ഡെക്കാന്‍ തുടരന്‍ ആക്രമണങ്ങള്‍ നടത്തി. ഗോകുലം പ്രതിരോധത്തിന് മിക്ക ആക്രമണങ്ങളും ചെറുക്കാനായി.
കസ്‌റ്റാന്‍ഡയുടെ മുന്നേറ്റമാണു ഗോളില്‍ കലാശിച്ചത്. ഒരു ലോങ് ത്രോ ഇന്നിനെ കസ്‌റ്റാന്‍ഡ അമിഡ് അരിസു, കിങ്‌സ്ലി ഫെര്‍ണാണ്ടസ് എന്നിവരെ മറികടന്ന് കായ്‌ക്കു മറിച്ചു നല്‍കി. പ്രതിരോധക്കാരന്‍ ഹര്‍പ്രീത് സിങ്, ഗോള്‍ കീപ്പര്‍ ഷിബിന്‍രാജ് എന്നിവര്‍ നോക്കി നില്‍ക്കേ പന്ത് വലയില്‍ കയറി. സമനിലയ്‌ക്കായുള്ള ഗോകുലത്തിന്റെ പരിശ്രമങ്ങള്‍ പാഴായി. സൂപ്പര്‍ ലീഗ് കേരളയില്‍ മിന്നും പ്രകടനം കാഴ്‌ച വച്ച കെന്നഡിക്കും താബിസോ ബ്രൗണിനും ഇന്നലെ തിളങ്ങാനായില്ല. മൂന്ന് കളികളില്‍നിന്നു രണ്ട് പോയിന്റ് മാത്രമുള്ള ഗോകുലം ഏറ്റവും പിന്നില്‍ 10-ാം സ്‌ഥാനത്താണ്.മറ്റൊരു മത്സരത്തില്‍ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി. 2-1 നു ഷില്ലോങ് ലജോങിനെ തോല്‍പ്പിച്ചു. ഹാര്‍ബറിനായി ലൂകാ മാസെജനാണ് രണ്ട് ഗോളുകളുമടിച്ചത്‌്. ലജോങിനായി ഗ്ലാഡി നീസന്‍ ഖാബുലിയാണ് ഗോളടിച്ചത്.