Wednesday, March 11, 2026 Last Updated 36 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 09.25 AM

ഏറ്റവും കൂടുതല്‍ വഖഫ് കൈവശമുള്ള രാജ്യം ; നിയന്ത്രണത്തില്‍ 8.7 ലക്ഷം സ്വത്തുക്കള്‍, സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ ഭൂവുടമ

uploads/news/2025/04/773724/waqaf.jpg

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണു വഖഫ് (ഭേദഗതി) ബില്‍ 2024, മുസല്‍മാന്‍ വഖഫ് (റദ്ദാക്കല്‍) ബില്‍ 2024 എന്നിവയെന്നാണു സര്‍ക്കാര്‍ വാദം. വഖഫ് സ്വത്തുക്കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, സങ്കീര്‍ണതകള്‍ പരിഹരിക്കുക, സുതാര്യത ഉറപ്പാക്കുക, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാനേജ്‌മെന്റ് അവതരിപ്പിക്കുക എന്നിവയാണു വഖഫ് (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

40,951 കേസുകള്‍ ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അതില്‍ 9,942 കേസുകള്‍ വഖഫ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ മുസ്‌ലിം സമുദായം ഫയല്‍ ചെയ്തതാണെന്നും ന്യൂനപക്ഷകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

* വഖഫ് ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്വത്തുക്കള്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലുടനീളമുള്ള 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കള്‍ വഖഫ് ബോര്‍ഡുകളുടെ നിയന്ത്രണത്തിലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വഖഫ് കൈവശമുള്ള രാജ്യമാണ് ഇന്ത്യ. സായുധസേനയും ഇന്ത്യന്‍ റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയിലെ വലിയ ഭൂവുടമയാണു വഖഫ് ബോര്‍ഡ്.

വഖഫ് ബോര്‍ഡിനു കീഴില്‍ 8,72,328 സ്ഥാവര സ്വത്തുക്കളും 16,713 ജംഗമ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു കണക്കുകള്‍. വഖഫ് ബോര്‍ഡിനു കീഴില്‍ 3,56,051 വഖഫ് എസ്‌റ്റേറ്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഖഫ് സ്വത്തുക്കളില്‍ പകുതിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആണ്.

വഖഫ് സ്വത്തുക്കളില്‍നിന്നു പ്രതിവര്‍ഷം 12,000 കോടി രൂപ ലഭിക്കുന്നുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. സച്ചാര്‍ കമ്മിറ്റി 2006 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വസ്തുക്കള്‍ കാര്യക്ഷമമായി വിനിയോഗിച്ചാല്‍ കുറഞ്ഞത് 10 ശതമാനം അധിക വരുമാനം നേടാന്‍ കഴിയുമത്രേ.

* കിരണ്‍ റിജിജുവിന്റെ നിലപാട്

നിയമനിര്‍മാണത്തിനു മതവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വത്തുക്കള്‍ മാത്രമാണു കൈകാര്യം ചെയ്യുന്നതെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഒരു മതസ്ഥാപനത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പോകുന്നില്ല. യു.പി.എ സര്‍ക്കാര്‍ വഖഫ് നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി. അതിനാല്‍ പുതിയ ഭേദഗതികള്‍ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

97.27 ലക്ഷത്തിലധികം നിവേദനങ്ങള്‍ ജെ.പി.സിക്കു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിനു മുമ്പ് ജെ.പി.സി. അവ ഓരോന്നും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വഖഫ് ബോര്‍ഡുകള്‍ക്കു പുറമേ 284 പ്രതിനിധികള്‍ ബില്ലിനെക്കുറിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വത്തുക്കളുടെ ശേഖരമാണു വഖഫ് നിയന്ത്രിക്കുന്നത്.

റെയില്‍വേയും പ്രതിരോധ സ്വത്തുക്കളും രാജ്യത്തിന്റേതാണ്, പക്ഷേ വഖഫ് സ്വത്തുക്കള്‍ സ്വകാര്യ സ്വഭാവമുള്ളതാണ്. റെയില്‍വേയുടെയും സായുധ സേനയുടെയും ലാന്‍ഡ് ബാങ്കുകളുമായി അവരെ താരതമ്യം ചെയ്യുന്നത് അന്യായമാണ - അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്തുക്കളുടെ വരുമാനം

2004 ലെ കണക്കനുസരിച്ച് 4.9 ലക്ഷം സ്വത്തുക്കള്‍ വഖഫിന്റെ കൈവശമുണ്ടെന്നും അവരുടെ വരുമാനം വെറും 163 കോടി രൂപ മാത്രമാണെന്നും റിജിജു പറഞ്ഞു. 2013 ലെ നിയമഭേദഗതിക്കു ശേഷം വരുമാനം വെറും 3 കോടി രൂപ വര്‍ധിച്ച് 166 കോടി രൂപയായി.

'ഇത്രയും വലിയ സ്വത്തുക്കളുടെ ബാങ്കില്‍നിന്നുള്ള തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. വഖഫ് സ്വത്ത് പാവപ്പെട്ട മുസ്ലിങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതുണ്ട്, ഈ ലക്ഷ്യം നേടാന്‍ വഖഫ് ബില്‍ ആവശ്യമാണ്' - അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW