-->
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
കേന്ദ്ര-സംസ്‌ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
കനിവ് 108 ആംബുലന്‍സ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിക്കാനുള്ള പ്രായോഗികത സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. ശമ്പളം ലഭിക്കാന്‍ വൈകിയതു കാരണം ജീവനക്കാരില്‍ ഒരു വിഭാഗം സേവനം നിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2024 ജൂലൈ 27 വരെ കേന്ദ്ര-സംസ്‌ഥാന ഫണ്ടുകള്‍ 108 ആംബുലന്‍സ് നടത്തുന്നതിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 75.50 കോടി രൂപ നടത്തിപ്പ് കമ്പനിക്ക് നല്‍കാനുണ്ടായിരുന്നു. ഇതു ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനും ജീവനക്കാരില്‍നിന്നു നിസഹകരണമുണ്ടാകാനും കാരണമായി.