-->
അഹമ്മദാബാദ് : നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ 96 റണ്‍സിന് വീഴ്ത്തി സൂര്യകുമാര്‍ യാദവും സംഘവും ടി20 ലോകകപ്പ് നിലനിര്‍ത്തി. സഞ്ജുസാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗും ജസ്പ്രീത് ബുംറെയുടെ തകര്‍പ്പന്‍ ബൗളിംഗും ചേര്‍ന്നപ്പോള്‍ ഇന്ത്യ മൂന്നാം തവണ കുട്ടിക്രിക്കറ്റിലെ ലോകകപ്പ് ഉയര്‍ത്തി. ഇതാദ്യമായിട്ടാണ് ഒരു ടീം മൂന്ന് ലോകകപ്പ് കിരീടം നേടുന്നത്. തുടര്‍ച്ചയായി രണ്ടാം തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യടീമായും ഇന്ത്യ മാറി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്റിനെ 159 റണ്‍സിന് പുറത്താക്കി. നേരത്തേ സഞ്ജു, ഇഷാന്‍കിഷന്‍, അഭിഷേക് ശര്‍്േമ എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ദ്ധശതകം നേടി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടു പേരും അര്‍ദ്ധശതകം നേടിയപ്പോള്‍ 91 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ട് അടിച്ചുകൂട്ടിയത്. 21 പന്തില്‍ 52 റണ്‍സ് അടിച്ച അഭിഷേക് ശര്‍മ്മ പുറത്തായതിന് പിന്നാലെ വന്ന ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സ് എടുത്തു.
ആദ്യ രണ്ട് ഓവറുകളില്‍ പതറിയെങ്കിലും, പിന്നീട് അഭിഷേകും സഞ്ജുവും ചേര്‍ന്ന് പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോര്‍ സ്വന്തമാക്കി. ഒട്ടേറെ റെക്കോഡുമായി മലയാളിതാരം സഞ്ജുസാംസണായിരുന്നു ഈ മത്സരത്തിലെയും താരം. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധശതകം നേടി സഞ്ജു ടൂര്‍ണമെന്റിലെയും താരമായി. 46 പന്തുകളില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. അഞ്ചു ബൗണ്ടറിയും എട്ടു സിക്‌സറുകളും പറത്തി. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സ് നേടി.
രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ അതേ മൈതാനത്ത്, ഇത്തവണ ഒരു ലക്ഷത്തിലധികം വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാണ് ഇന്ത്യ 255 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ടി20 ലോകകപ്പ് ഫൈനലില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരും അര്‍ദ്ധ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. ടൂര്‍ണമെന്റില്‍ ഉടനീളമായി 100 ലധികം സിക്‌സറുകളാണ് ടീം ഇന്ത്യ നേടിയത്. ഒരു ടി20 ലോകകപ്പ് ഫൈനലില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരും അര്‍ദ്ധ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്.
അവസാന ഓവറുകളില്‍ ശിവം ദുബെ നടത്തിയ മിന്നല്‍ പ്രകടനം (24 റണ്‍സ്) ഇന്ത്യയെ 250 കടക്കാന്‍ സഹായിച്ചു. 256 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് തുടക്കം മുതലേ പിഴച്ചു. തകര്‍പ്പന്‍ ഫോമിലായിരുന്ന ഫിന്‍ അലന്‍ 9 റണ്‍സിന് പുറത്തായി. ടിം സീഫെര്‍ട്ട് (52) അല്പനേരം ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു.
ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. കഴിഞ്ഞ മൂന്ന് പ്രധാന വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും (2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, ഈ ലോകകപ്പ്) ഇന്ത്യയാണ് ജേതാക്കള്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കലിന് ശേഷം യുവതലമുറ നയിക്കുന്ന ഇന്ത്യയുടെ ഉജ്ജ്വലമായ വിജയമാണിത്.