-->
പശ്ചിമേഷ്യ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി.
ഇറാന് നേരെ യുഎസും ഇസ്രയേലും ഫെബ്രുവരി 28ന് ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.
ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലും കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലും സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇറാൻ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.