-->
മുംബൈ: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഇംഗ്‌ളണ്ടിനെ റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടന്നു. നിര്‍ണ്ണായക മത്സരത്തില്‍ മലയാളിതാരം സഞ്ജുസാംസന്റെ അര്‍ദ്ധശതകം വിജയത്തില്‍ നിര്‍ണ്ണായകമായപ്പോള്‍ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ബഥേല്‍ അവസാന ഓവര്‍ വരെ പൊരുതിയിട്ടും വിജയം നേടാനായില്ല. മത്സരത്തില്‍ സെഞ്ച്വറിയുമായി നിന്ന ബഥേല്‍ റണ്ണൗട്ടായി പോയതോടെ ഇന്ത്യയ്ക്ക് വിജയം ഉറപ്പായി. അഹമ്മദാബാദില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും.
ഇത് നാലാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ എത്തിയ ടീമായും ചരിത്രമെഴുതി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 254 റണ്‍സാണ് എടുത്തത്. ഇംഗളണ്ടിന്റെ മറുപടി 240 ല്‍ അവസാനിച്ചു. ഇംഗ്‌ളണ്ടിനായി ബഥേല്‍ 48 പന്തില്‍ 105 റണ്‍സ് എടുത്തു. എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും പറത്തി. ജാക്‌സ് 20 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സുമായി 35 റണ്‍സ് എടുത്തപ്പോള്‍ സാംകരന്‍ 14 പന്തില്‍ 18 റണ്‍സും നേടി. നേരത്തേ ജോസ് ബട്‌ളര്‍ 17 പന്തില്‍ 25 റണ്‍സും ബാന്റണ്‍ 17 റണ്‍സുമെടുത്തു. ഫില്‍ സാള്‍ട്ട് അഞ്ചു റണ്‍സുമെടുത്ത പുറത്തായി. നേരത്തേ ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ നേടിയത്.
സഞ്ജു സാംസന്റെ ഉജ്വലമായ അര്‍ദ്ധശതകമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കരുത്ത്. ഇഷാന്‍കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബേ എന്നിവരുടെ ബാറ്റിംഗും തുണയായി. അഭിഷേക് ശര്‍മ്മയ്ക്കും നായകന്‍ സൂര്യകുമാര്‍ യാദവിനും മാത്രമാണ് തിളങ്ങാന്‍ കഴിയാതെ പോയത്. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് മികച്ച തുടക്കമായിരുന്നു. 42 പന്തുകളില്‍ ഏഴു ബൗണ്ടറിയും എട്ടു സിക്‌സറും പറത്തിയ സഞ്ജു 89 റണ്‍സ് എടുത്താണ് പുറത്തായത്. 15 റണ്‍സില്‍ ബ്രൂക്ക് സഞ്ജുവിനെ ആര്‍ച്ചറിന്റെ പന്തില്‍ താഴെയിട്ടത് നിര്‍ണ്ണായകമായി.
അഭിഷേക് ശര്‍മ്മ ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ പിന്നാലെ വന്ന ഇഷാന്‍ കിഷനുമായി ചേര്‍ന്ന് സഞ്ജു മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 18 പന്തില്‍ ഇഷാന്‍ കിഷന്‍ 39 റണ്‍സാണ് നേടിയത്. സഞ്ജുവിന്റെയും ഇഷാന്റെയും വെടിക്കെട്ടില്‍ ഒമ്പതാം ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നിരുന്നു. നാലു ബൗണ്ടറിയും രണ്ടു സിക്‌സും ഇഷാന്‍ കിഷന്‍ പറത്തി. റഷീദിന്റെ പന്തില്‍ ജാക്‌സ് പിടിച്ച് ഇഷാന്‍ കിഷനും ജാക്‌സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ട് പിടിച്ചാ് സഞ്ജുവും പുറത്തായതിന് ശേഷം ആക്രമണത്തിന്റെ ചുമതല ശിവംദുബേ ഏറ്റെടുത്തു.
നായകന്‍ സൂര്യകുമാര്‍ യാദവു(ആറ് പന്തില്‍ 11 റണ്‍സ്)മായും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയുമായും (12 പന്തില്‍ 27 റണ്‍സ്) ഹൃസ്വമായ കൂട്ടുകെട്ട് ഉണ്ടാക്കിയ ദുബേ 43 റണ്‍സ് എടുത്തു റണ്ണൗട്ട് ആകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നിരുന്നു. നാലു സിക്‌സറുകളും ഒരു ബൗണ്ടറിയുമായി 25 പന്തിലായിരുന്നു ദുബേയുടെ സ്‌കോര്‍. പിന്നാലെ വന്ന തിലക് കൂടി അടിച്ചു തകര്‍ത്തു. ആറ് പന്തില്‍ 21 റണ്‍സാണ് തിലക് നേടിയത്. ജോഫ്രേ ആര്‍ച്ചറിന്റെ അവസാന ഓവറില്‍ മൂന്ന് സിക്‌സാണ് തിലക് പറത്തിയത്. അവസാന ഓവറില്‍ വന്ന അക്സര്‍ പട്ടേലും അവസാന പന്ത് മാത്രം നേരിടാന്‍ വന്ന വരുണും രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഫൈനല്‍ ജയിക്കാനായാല്‍ മൂന്നാമത്തെ കിരീടമാകും തേടിവരിക.