-->
കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കമ്മറ്റികള്‍ പ്രമേയം പാസ്സാക്കി. 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് പ്രമേയത്തിലെ ആവശ്യം. എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തയാളാണ് ശശീന്ദ്രന്‍ അദ്ദേഹം ഇത്തവണ പിന്മാറണമെന്നും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നുമാണ് ആവശ്യം. ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ ജില്ലാ കമ്മിറ്റിയിലും കടുത്ത ഭിന്നതയുണ്ട്.
ഏഴ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ശശീന്ദ്രന്‍ 1980 മുതല്‍ മത്സര രംഗത്തുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കും എന്നായിരുന്നു ഇതിന് ശശീന്ദ്രന്റെ മറുപടി.
എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ വികാരമുണ്ടെന്നും ഇത്തവണയും മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെയും താത്പര്യം. ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്.