-->
കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവം കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കും ഉണ്ടാകുമെന്നും കോണ്‍ഗ്രസുകാര്‍ തന്നെ അവരെ തോല്‍പ്പിക്കുമെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍.
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ഇല്ലെന്നും വിജയിക്കുന്ന സീറ്റുകളില്‍ പുരുഷന്മാര്‍ മത്സരിച്ച ശേഷം കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ക്ക് എതിരേ സ്ത്രീകളെ മത്സരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും പത്മജ പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മജയുടെ ഈ പ്രതികരണം. സ്ത്രീകള്‍ക്ക് സീറ്റ് നല്‍കിയ ശേഷം അവരെ പരാജയപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിലെ രീതി.ബിന്ദു കൃഷ്ണ ഇത് അഞ്ചാം തവണയാണ് മത്സരരംഗത്തിറങ്ങുന്നത്.
കഴിഞ്ഞ നാല് തവണയും അവര്‍ പരാജയപ്പെട്ടു. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാലുവാരുന്നത് കൊണ്ടാണ് ഈ പരാജയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പത്മജ ചൂണ്ടിക്കാട്ടി. ശക്തരായ എതിരാളികള്‍ക്കെതിരെ സ്ത്രീകളെ ബലിയാടാക്കുന്ന പ്രവണത കോണ്‍ഗ്രസിനുണ്ടെന്നും പറയുന്നു. പുരുഷന്മാര്‍ക്ക് നേരിട്ട് പോരാടാന്‍ ധൈര്യമില്ലാത്ത സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കും.
പിന്നീട് പരാജയപ്പെടുമ്പോള്‍ 'നിങ്ങള്‍ക്ക് സീറ്റ് നല്‍കിയതല്ലേ, എന്നിട്ടും തോറ്റില്ലേ' എന്ന് പറഞ്ഞ് സ്ത്രീകളെ ഒതുക്കുന്നതാണ് കോണ്‍ഗ്രസ് മനോഭാവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ ലതികാ സുഭാഷിനെ മത്സരിപ്പിച്ചത് പത്മജ ചൂണ്ടിക്കാട്ടി.