Sunday, March 29, 2026 Last Updated 54 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 03.20 PM

കോഴിക്കോട്ടെ പരിപാടിയില്‍ രാഹുല്‍ഗാന്ധി വരില്ല ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ മഹാറാലിയില്‍ പങ്കെടുക്കും

rahulgandhi

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തില്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി രാഹുല്‍ഗാന്ധി. പകരം കോണ്‍ഗ്രസിന്റെ ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ പങ്കെടുക്കും. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായി തിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ മാറ്റം വന്നിരിക്കുന്നത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഇന്ന് കോഴിക്കോട്ടെത്താനിരിക്കെയാണ് രാഹുലിന്റെ പരിപാടി മാറ്റിയത്. മാതാവ് സോണിയാ ഗാന്ധിയെ അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ മല്ലികാര്‍ജുന ഖാര്‍ഗേ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥമാണ് കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് 4.30-ന് സംഗമം നടക്കുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ 'ഗ്യാരണ്ടി കാര്‍ഡ്' ചടങ്ങില്‍ പ്രകാശനം ചെയ്യും.
സംസ്ഥാനതല പ്രചാരണത്തിനായി പ്രത്യേകം തയ്യാറാക്കിയ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും വേദിയില്‍ നടക്കും.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവില്‍ ആശുപത്രിയില്‍ സോണിയാ ഗാന്ധിക്കൊപ്പമുണ്ട്.

ഈ വര്‍ഷം ജനുവരിയിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സോണിയാ ഗാന്ധി ചികിത്സ തേടിയിരുന്നു. യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ നേരിയ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഖാര്‍ഗെയുടെ സാന്നിധ്യം ആവേശം പകരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW