Friday, March 13, 2026 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 01.29 PM

സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ; തിങ്കളാഴ്ച ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച

uploads/news/2026/03/830033/k-sudhakaran-close.gif

കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടുന്നു. സുധാകരനുമായി ടെലിഫോണില്‍ ബന്ധപ്പെട്ട രാഹുല്‍ഗാന്ധി തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

ഇരുവരും നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുള്ളൂ എന്നാണ് വിവരം. കണ്ണൂരില്‍ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സുധാകരന്‍. കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണം എന്ന തന്റെ ആവശ്യം ഡല്‍ഹിയിലെ ചര്‍ച്ചയില്‍ സുധാകരന്‍ ഉന്നയിക്കും. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ തന്നെ സുധാകരന്റെ അതൃപ്തി പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തഴയപ്പെടുന്നു എന്ന സൂചനകള്‍ക്കിടെ സുധാകരന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായിട്ടുണ്ട്. കണ്ണൂരിനോടുള്ള തന്റെ വൈകാരിക ബന്ധം വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. അതേസമയം എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം. ഒരാള്‍ക്ക്് വേണ്ടി അയഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നതാണ് സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുന്നത്.

കണ്ണൂരില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് ഇരിക്കുന്നത്. മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നേരത്തേ കണ്ണൂരില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാന്‍ നില്‍ക്കാതെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW