Wednesday, March 25, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 01.21 PM

സിപിഐഎം പ്രതിരോധത്തിലാക്കി അടൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും: ഏരിയാകമ്മറ്റിയംഗമായ മുന്‍ പ്രസിഡന്റിനെതിരേ നിലവിലെ പ്രസിഡന്റ്

Adoor Cooperative Bank Scam

പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത ബാങ്ക് പ്രസിഡന്റ് പൊന്‍താമര പിള്ള സ്ഥാനം രാജിവെച്ച് സഹകാരികള്‍ക്കൊപ്പം ചേര്‍ന്നു. അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകരും വലിയ ആശങ്കയിലായിട്ടുണ്ട്.

മുന്‍ പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി. രവീന്ദ്രനെതിരെ പൊന്‍താമരപിള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ 75 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. 24 ഓളം ഭരണപരമായ വീഴ്ചകളും 16 ഗുരുതരമായ നിയമലംഘനങ്ങളുമാണ് ബാങ്കില്‍ നടന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരുവാറ്റ സ്വദേശിനിയായ ഒരു നിക്ഷേപകയുടെ 30 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 2019-ല്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം അക്കൗണ്ടിലില്ലെന്ന വിവരം ഇവര്‍ അറിയുന്നത്.

നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുള്ളതായും ഈട് നല്‍കുന്ന ഭൂമിയുടെ വിപണി മൂല്യം കൃത്യമായി പരിശോധിക്കാതെ, ചട്ടങ്ങള്‍ മറികടന്ന് വന്‍തുകകള്‍ വായ്പയായി നല്‍കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വായ്പയ്ക്കായി അപേക്ഷകര്‍ സമര്‍പ്പിക്കുന്ന ആധാരങ്ങളും മറ്റ് ഭൂമി രേഖകളും ഉപയോഗിച്ച്, അപേക്ഷകര്‍ അറിയാതെ തന്നെ കൂടുതല്‍ തുക ബാങ്ക് അധികൃതര്‍ കൈക്കലാക്കി. ഈ അധിക തുക ആരുടെ കൈകളിലേക്കാണ് എത്തിയതെന്ന കാര്യത്തില്‍ നിലവില്‍ രേഖകളില്ല.

താന്‍ പ്രസിഡന്റായിരുന്നപ്പോഴും ഭരണത്തില്‍ രവീന്ദ്രന്‍ അനാവശ്യമായി ഇടപെട്ടിരുന്നെന്നും അഴിമതികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ നീക്കം നടത്തിയെന്നും പൊന്‍താമര പിള്ള പറയുന്നു. ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും അര്‍ഹതയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതിയും നിലനിന്നിരുന്നതായി ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ അടൂരിലും അഴിമതി പുറത്തുവന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ കുറ്റാരോപിതനായ പി. രവീന്ദ്രനെതിരെയോ വെളിപ്പെടുത്തല്‍ നടത്തിയ പൊന്‍താമര പിള്ളക്കെതിരെയോ നടപടി എടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പണം തിരികെ പിടിക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW