Tuesday, March 24, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 09.05 AM

ശരിക്കും ഡീല്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ; ബിജെപിയെ തോല്‍പ്പിക്കാന്‍ നേരത്തേയുള്ളത് ; നേമത്തും തൃശൂരും പരീക്ഷിച്ചു

BJP

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നടത്തുന്ന കള്ളക്കളി കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമെന്നും സിപിഎം-ബിജെപി ഡീല്‍ ആരോപണം പ്രതിപക്ഷ നേതാവ് നടത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനാണെന്നും ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ബിജെപിയെ പരാജയപ്പെടുത്താന്‍ വര്‍ഗീയ സംഘടനകളായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി കൈകോര്‍ക്കുന്നതാണ് യുഡിഎഫ്-എല്‍ഡിഎഫ് ശൈലിയെന്നും ആരോപിച്ചു.

രാഷ്ട്രീയ ഡീലുകളുടെ മാസ്റ്ററായ വി.ഡി. സതീശന്‍ ബിജെപിയ്ക്ക് എതിരേ ആരോപണം ഉയര്‍ത്തിയത് സിപിഐഎമ്മുമായി പതിറ്റാണ്ടുകളായി നടത്തുന്ന വോട്ട് കച്ചവടവും വര്‍ഗീയ പ്രീണനവും സാമ്പത്തിക ഇടപാടുകളും ഡീലുകളും മറച്ചുവെക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെയും തോല്‍പ്പിക്കാന്‍ കെ. മുരളീധരന്‍ 'ചാവേറായി' എത്തിയത് ഇതിന്റെ തെളിവാണ്.

കുമ്മനത്തെ പരാജയപ്പെടുത്താന്‍ സിപിഎം വോട്ട് മറിച്ചുവെന്ന് മുരളീധരന്‍ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഇ. ശ്രീധരനെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയും സിപിഎമ്മും നടത്തിയ വോട്ട് കച്ചവടം കേരളം മറന്നിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിക്കാന്‍ സ്വന്തം വോട്ട് കോണ്‍ഗ്രസിന് മറിച്ചുനല്‍കി സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയതും ഈ ഡീലിന്റെ ഭാഗമാണ്. ഇതെല്ലാം മറയ്ക്കാനാണ് സതീശനും പിണറായിയും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാലഹരണപ്പെട്ട 'കോലിബി' സഖ്യ ആരോപണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന രീതി ബിജെപിക്കില്ല. ക്ഷേത്രങ്ങളും വിശ്വാസികളുടെ അവകാശങ്ങളും കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ തൂവല്‍ പക്ഷികളാണ്. വിശ്വാസികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് വര്‍ഗീയതയാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം ഇനി കേരളത്തില്‍ ചെലവാകില്ല ഗുരുവായൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഒരു വിശ്വാസി ജയിച്ചുവരണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന മതേതരത്വമാണ് ബിജെപിയുടെ നയമെന്നും സുരേഷ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW