-->
കോട്ടയം: വൈദ്യൂതിമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനം കണ്ട ഏറ്റവും നല്ല മന്ത്രിയായിരുന്ന പിണറായിവിജയന്‍ കേരളാ മുഖ്യമന്ത്രിയായപ്പോള്‍ നാറി നശിച്ചെന്നും കള്ളനും കൊള്ളക്കാരനുമായെന്നും പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജ്. വീട്ടില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ കെണ്ടുവന്ന അഞ്ചുലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാത്ത മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും വിമര്‍ശിച്ചു.
പദ്ധതിയില്‍ സംസ്ഥാനം മുടക്കേണ്ട തുക 3,900 കോടി രൂപയാണ്. 60 ശതമാനം കേന്ദ്രം മുടക്കുമ്പോള്‍ കേരളത്തിന് മുടക്കേണ്ടത് 40 ശതമാനമാണ്. എന്നാല്‍ കേരളവും തമിഴ്‌നാടും ബംഗാളുമാണ് ഇത് നടപ്പാക്കാതിരുന്നത്. കേന്ദ്രത്തിന്റെ ഈ പദ്ധതിക്ക് തയ്യാറാകാത്ത പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച ഊരാളുങ്കല്‍ സൊസൈറ്റി എന്ന അയാളുടെ സ്വകാര്യ കമ്പനിക്ക് നല്‍കിയത് 60,000 കോടിയാണെന്നും പറഞ്ഞു. ഇത് ജയിലില്‍ പോകുന്ന ഇടപാടാണ്. വിടുകേലെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണിച്ചുകൊടുക്കാമെന്നും പറഞ്ഞു.
ശബരിമല അയ്യപ്പനെ മോഷ്ടിക്കാന്‍ കൂട്ടുനിന്നയാളാണ് പിണറായി. കേരളത്തില്‍ പട്ടിണിമരണം ഉണ്ടാകാത്തത് മോദി സൗജന്യഅരി നല്‍കിയതിനാലാണ്. കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യം പോലും സംസ്ഥാനത്ത് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്നും പറഞ്ഞു.
പാലായില്‍ തന്റെ മകന്‍ ഷോണ്‍ജോര്‍ജിനും വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടുകൂടി കേരള കോണ്‍ഗ്രസ് തീരും. പണ്ടേ പിരിച്ചുവിടേണ്ടതാണത്. മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ പാര്‍ട്ടിയാണ് കേരളാകോണ്‍ഗ്രസ് എന്നും ജോസ്‌കെ മാണിയിപ്പോള്‍ എംപിയുടെ ബോര്‍ഡും വെച്ച് എംഎല്‍എ സ്ഥാനത്തിനുവേണ്ടി വോട്ട് ചോദിച്ചുനടക്കുകയാണെന്നും പരിഹസിച്ചു.
പൂഞ്ഞാറിന് വേണ്ടി സംസാരിക്കാനുള്ള അവസരം ജനങ്ങള്‍ നല്‍കും. ഇത്തവണ പൂഞ്ഞാറില്‍ താന്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. കഴിഞ്ഞ തവണത്തേതില്‍ നിന്നും സാഹചര്യം ഒരുപാട് മാറിയിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ തന്നെ 40,000 വോട്ട് നേടി. ബിജെപിയ്ക്ക് 19,000 വോട്ടുകളും കിട്ടി. ഈ രണ്ടുവോട്ടുകളും ചേരുമ്പോള്‍ തന്നെ താന്‍ ജയിച്ചെന്നും പറഞ്ഞു.
മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉണ്ടായ നിഷ്‌ക്രിയത്വം കൂടി പരിഗണിക്കുമ്പോള്‍ തന്റെ വോട്ടുകള്‍ കൂടി. മണ്ഡലത്തിലെ ക്രിസ്ത്യാനികളുമായി വളരെ നല്ല ബന്ധത്തിലാണ്. വലിയഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇത്തവണ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 30 വരെ സീറ്റുകള്‍ പിടിക്കുമെന്ന് പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്. ബിജെപിയുടെ പഠനങ്ങളുടേയും സര്‍വേയുടെയും അടിസ്ഥാനത്തില്‍ വ്യക്തമാകുന്ന കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇത്തവണ ബിജെപിയ്ക്ക് ഏറ്റവും കുറഞ്ഞത് 15 സീറ്റുകളെങ്കിലും കിട്ടുമെന്നും പി.സി. ജോര്‍ജ് പറയുന്നു.
രാജീവ് ചന്ദ്രശേഖര്‍ വന്ന ശേഷം ബിജെപിയുടെ പ്രവര്‍ത്തനം ഒറ്റക്കെട്ടായി മാറിയിട്ടുണ്ട്. പ്രചരണത്തില്‍ സിറ്റിംഗ് എംഎല്‍എ നിഷ്‌ക്രിയത്വമാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നും ഉള്ള കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനാണ് ഉദ്ദേശിക്കുന്നത്.
പൂഞ്ഞാറില്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ അത് പിസി ജോര്‍ജ്ജ് ചെയ്തതാണെന്ന് പറഞ്ഞ് തകര്‍ത്തു. ഇവിടെ കാട്ടുമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി താന്‍ കൊണ്ടുവന്ന സൗരോര്‍ജ്ജ വേലികള്‍ പി.സി. ജോര്‍ജ് കൊണ്ടുവന്നതാണെന്ന് പറഞ്ഞ് തകര്‍ത്തുകളഞ്ഞു. അത് പൊളിച്ചുകളഞ്ഞവരെ ഇപ്പോള്‍ ആനയിട്ട് ഓടിക്കുകയാണെന്നും പരിഹസിച്ചു.