-->
യാത്രയ്ക്കിടെ അസുഖം ബാധിച്ച കുഞ്ഞിന് ഞൊടിവേഗത്തില്‍ വൈദ്യസഹായം ഉറപ്പാക്കിയ ഇന്ത്യന്‍ റെയില്‍വേയുടെ നടപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ഏറ്റുവാങ്ങുന്നത്. ഡോക്ടറായ ഭാവന എന്ന യാത്രക്കാരിയുടെ കുഞ്ഞിന് ഛര്‍ദ്ദി ബാധിച്ചതിനെത്തുടര്‍ന്ന് അവര്‍ ടി.ടി.ഇയുടെ സഹായം തേടുകയായിരുന്നു. സാധാരണഗതിയില്‍ ഒരു മരുന്ന് ലഭിക്കുമെന്ന് മാത്രം പ്രതീക്ഷിച്ചിരുന്ന ഭാവനയെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെട്ടെന്നുള്ള പ്രതികരണം.
മരുന്ന് എത്തിക്കുന്നതിനോടൊപ്പം തന്നെ, ട്രെയിന്‍ അടുത്ത സ്‌റ്റേഷനായ ഹിന്ദുപുരില്‍ എത്തിയപ്പോഴേക്കും കുഞ്ഞിനെ പരിശോധിക്കാന്‍ ഒരു ഡോക്ടറെയും മെഡിക്കല്‍ സംഘത്തെയും റെയില്‍വേ അവിടെ സജ്ജമാക്കിയിരുന്നു. കൃത്യസമയത്ത് ലഭിച്ച ഈ വൈദ്യസഹായം വലിയൊരു ആശ്വാസമായെന്നും, ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമത തന്നെ അമ്പരപ്പിച്ചെന്നും ഭാവന വീഡിയോയിലൂടെ വ്യക്തമാക്കി. 'പരിഭ്രാന്തിയില്‍ നിന്ന് ആശ്വാസത്തിലേക്ക്' എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ അനുഭവം ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ റെയില്‍വേയുടെ ഈ സേവനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. തിരക്കേറിയ സര്‍വീസുകള്‍ക്കിടയിലും ഇത്തരം അടിയന്തര സാഹചര്യങ്ങളെ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യുന്ന റെയില്‍വേയുടെ രീതിയെ പലരും മാതൃകാപരമെന്ന് വിശേഷിപ്പിച്ചു. നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം വൈറലാകുന്ന കാലത്ത്, രാജ്യത്തെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അഭിമാനം തോന്നിക്കുന്ന ഇത്തരം അനുഭവങ്ങള്‍ വലിയൊരു മാറ്റമാണെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
ഭാവനയുടെ അനുഭവം പുറത്തുവന്നതോടെ, സമാനമായ രീതിയില്‍ റെയില്‍വേയില്‍ നിന്ന് അടിയന്തര വൈദ്യസഹായം ലഭിച്ച മറ്റ് യാത്രക്കാരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ഒരിക്കല്‍ അര്‍ദ്ധരാത്രിയില്‍ വയറുവേദന ഉണ്ടായപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ബര്‍ത്തിനടുത്ത് മരുന്ന് എത്തിച്ചു നല്‍കിയ അനുഭവം ഒരാള്‍ വിവരിച്ചപ്പോള്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ റെയില്‍വേ പുലര്‍ത്തുന്ന കരുതല്‍ കൂടുതല്‍ വ്യക്തമായി.