-->
ഇന്ത്യയില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിന്‍ സര്‍വ്വീസുകളെയാണ്. അതുകൊണ്ട് തന്നെ ട്രെയിന്‍ ഒരല്പം വൈകിയാല്‍ രോഷാകുലരാകുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഇപ്പോഴിതാ മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേയിലെ ഒരു ട്രെയിന്‍ മാനേജര്‍ തന്റെ ജോലിയിലെ കഠിനാധ്വാനത്തെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ഒരു ട്രെയിന്‍ വെറും പത്തു മിനിറ്റ് വൈകുമ്പോഴേക്കും അസ്വസ്ഥരാകുന്ന യാത്രക്കാര്‍, അതിനുപിന്നില്‍ ഓരോ റെയില്‍വേ ജീവനക്കാരനും അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അറിയുന്നില്ലെന്ന് യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഓരോ ഷിഫ്റ്റിലും അയ്യായിരം മുതല്‍ പതിനെണ്ണായിരം ചുവടുകള്‍ വരെ നടക്കേണ്ടി വരുന്നതും, പ്രതികൂല കാലാവസ്ഥയിലും ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരുന്നതും അവര്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തനിക്കും റെയില്‍വേയെക്കുറിച്ച് പരാതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് യുവതി തുറന്നുപറയുന്നു. എന്നാല്‍ റെയില്‍വേയുടെ പ്രവര്‍ത്തനം എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് നേരിട്ട് മനസ്സിലാക്കിയപ്പോള്‍ ആ പരാതികള്‍ ഇല്ലാതായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും ട്രെയിനുകള്‍ സുഗമമായി ഓടിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും കണക്കിലെടുത്ത്, ട്രെയിന്‍ വൈകുന്ന സാഹചര്യങ്ങളില്‍ യാത്രക്കാര്‍ അല്പം കൂടി ക്ഷമ കാണിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.
നാല് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി റെയില്‍വേ ജീവനക്കാര്‍ യുവതിക്ക് പിന്തുണയുമായി എത്തിയപ്പോള്‍, ചിലര്‍ ജോലി ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. എന്തായാലും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഓണ്‍ലൈനില്‍ വലിയൊരു സംവാദത്തിന് ഈ വീഡിയോ തുടക്കമിട്ടിരിക്കുകയാണ്.