-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പൈലറ്റായ കൊച്ചുമകള്‍ നിയന്ത്രിക്കുന്ന വിമാനത്തില്‍ തന്റെ ആദ്യ വിമാനയാത്ര നടത്തുന്ന മുത്തശ്ശിയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ തരംഗമാകുന്നത്. പൈലറ്റായ ശ്രുതിയാണ് പൂനെയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുത്തശ്ശിയോടൊപ്പമുള്ള ഈ അപൂര്‍വ്വ നിമിഷം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. യൂണിഫോം ധരിച്ച ശ്രുതി വിമാനത്തിനുള്ളില്‍ വെച്ച് തന്റെ മുത്തശ്ശിയെ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
വിമാനം പറന്നുയരുന്നതിന് മുമ്പ് യാത്രക്കാരെ അഭിസംബോധന ചെയ്യവെയാണ് തന്റെ മുത്തശ്ശിയും വിമാനത്തിലുണ്ടെന്ന കാര്യം ശ്രുതി സന്തോഷത്തോടെ പങ്കുവെച്ചത്. ഇത് കേട്ടതും വിമാനത്തിലുണ്ടായിരുന്നവര്‍ കൈയ്യടികളോടെ ആ മുഹൂര്‍ത്തം ആഘോഷമാക്കി. പൈലറ്റായി നില്‍ക്കുന്നത് തന്റെ കൊച്ചുമകളാണെന്ന് മുത്തശ്ശി അടുത്തിരുന്ന യാത്രക്കാരോട് അഭിമാനത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം. 15 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് താന്‍ മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ആ ഓര്‍മ്മകള്‍ തനിക്ക് പ്രിയപ്പെട്ടതാണെന്നും ശ്രുതി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് താഴെ സ്‌നേഹം നിറഞ്ഞ കമന്റുകളുടെ പ്രവാഹമാണ്. മുത്തശ്ശിക്ക് ഇത്തരമൊരു ജീവിതാനുഭവം സമ്മാനിച്ച ശ്രുതിയെ അഭിനന്ദിച്ച നെറ്റിസണ്‍സ്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് ഇതെന്നും അഭിപ്രായപ്പെട്ടു. പലരും തങ്ങളുടെ മുത്തശ്ശിമാരുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളും ഈ പോസ്റ്റിന് താഴെ പങ്കുവെച്ചു. മുത്തശ്ശിയുടെ അഭിമാനവും ശ്രുതിയുടെ സ്‌നേഹവും ഒരുപോലെ വായനക്കാരുടെ മനസ്സ് തൊടുന്നതാണ്.