Tuesday, March 24, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 05.46 PM

‘സ്വന്തം രാജ്യത്ത് അഭയാർത്ഥിയെ പോലെ വളർന്നു; എന്നാല്‍ ഇവിടെയെന്റെ മകൾ സ്നേഹത്തിനും ബന്ധുക്കൾക്കും നടുവില്‍ വളരുന്നു; വലിയ ആത്മസംതൃപ്തിയാണത്...’ ഇന്ത്യൻ പേരന്റിനെ പുകഴ്ത്തി ഡച്ച് യുവതി

Dutch women about indian parenting
Dutch Women about Indian Parenting (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിദേശീയരുടെ വീഡിയോകള്‍ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇന്ത്യ സന്ദര്‍ശിച്ച ശേഷം ഇവിടുത്തെ നല്ല കാര്യങ്ങളും ആളുകളുടെ പെരുമാറ്റങ്ങളുമടക്കം പല വിദേശീയരും വീഡിയോകള്‍ പങ്കിടാറുണ്ട്. ഇന്ത്യയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള വിദേശീയരും കുറവല്ല.
ഇപ്പോഴിതാ മുംബൈയിൽ താമസിക്കുന്ന ഡച്ച് സ്വദേശിനി ഇന്ത്യയിലെ തന്റെ മാതൃത്വ അനുഭവങ്ങൾ പങ്കുവെച്ചതാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മകളുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ചാണ്, നെതർലൻഡ്‌സിലെ ജീവിതത്തിൽ നിന്നും ഇന്ത്യയിലെ രക്ഷിതാക്കളുടെ രീതികൾ എത്രത്തോളം വ്യത്യസ്തമാണെന്ന് ഇവാന എന്ന യുവതി വിശദീകരിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യയിൽ കഴിയുന്ന ഇവാനയുടെ പോസ്റ്റ് വളരെ വേ​ഗത്തിലാണ് ശ്രദ്ധ നേടിയത്. ഇന്ത്യയിലെയും നെതർലൻഡ്‌സിലെയും രക്ഷാകർതൃ രീതികൾ താരതമ്യം ചെയ്ത ഇവാന, സാമൂഹിക പിന്തുണ, സുരക്ഷാ കാഴ്ചപ്പാടുകൾ, ഭാഷാ വൈവിധ്യം എന്നിവയിലെ വ്യത്യാസങ്ങളും പങ്കുവെക്കുന്നു. അഭയാർത്ഥിയായി വളർന്ന തനിക്ക് ലഭിക്കാത്ത സ്നേഹവും പിന്തുണയും തന്റെ മകൾക്ക് ഇന്ത്യയിൽ ലഭിക്കുന്നതിലുള്ള സംതൃപ്തിയും അവർ കുറിക്കുന്നുണ്ട്.
‘‘നെതർലൻഡ്‌സിൽ കുഞ്ഞുങ്ങളെ വളർത്തുക എന്നത് മാതാപിതാക്കൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന കഠിനമായ ഒരു ദീർഘകാല ദൗത്യമായാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, മുംബൈയിൽ ഒരു സമൂഹത്തിന്റെ മുഴുവൻ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. അയൽക്കാരും ബന്ധുക്കളും എപ്പോഴും സഹായത്തിന് തയ്യാറായി നിൽക്കുന്ന ഈ സാഹചര്യം ഒരു വലിയ സുരക്ഷാ കവചമാണ്. സ്വയംപര്യാപ്തതയ്ക്ക് പ്രാധാന്യം നൽകുന്ന ഡച്ച് ചിന്താഗതിയിൽ നിന്നും ഈയൊരു മാറ്റത്തെ ഉൾക്കൊള്ളാൻ എനിക്ക് തുടക്കത്തിൽ അല്പം സമയമെടുത്തു.
രണ്ട് രാജ്യങ്ങളിലെയും സുരക്ഷാ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ട്. ആംസ്റ്റർഡാമിൽ കുട്ടികൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് സുരക്ഷയെങ്കിൽ, മുംബൈയിൽ മുതിർന്നവരുടെ നിരന്തരമായ മേൽനോട്ടമാണ് സുരക്ഷയായി കരുതപ്പെടുന്നത്. ഇന്ത്യയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ പഠനസമ്മർദ്ദം തുടങ്ങുമ്പോൾ, നെതർലൻഡ്‌സിൽ കുട്ടിക്കാലം പൂർണ്ണമായും കളികളിലൂടെയുള്ള പഠനത്തിനാണ് പ്രാധാന്യം നൽകുന്നത്.
മകളുടെ പ്രധാന ഭാഷ ഹിന്ദിയാണെങ്കിലും അതിൽ പഞ്ചാബി, ബംഗാളി, ഡച്ച് വാക്കുകൾ കലർന്നിട്ടുണ്ടെന്നും, ഈ ഭാഷാ വൈവിധ്യം കുട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്. ഇന്ത്യയിൽ വീട്ടുജോലികൾക്കും കുട്ടികളെ നോക്കാനും സഹായത്തിന് ആളുകളെ ലഭിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇത് മകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ എന്നെ സഹായിക്കുന്നു. നെതർലൻഡ്‌സിലായിരുന്നെങ്കിൽ വളരെ നേരത്തെ തന്നെ മകളെ ഡേ കെയറിലാക്കേണ്ടി വരുമായിരുന്നു...’’ ഇവാന പറയുന്നു. ഇവാനയുടെ മകൾ നിലവിൽ ഡച്ച്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകൾ കേട്ടാണ് വളരുന്നത്.
ഏറ്റവും വൈകാരികമായി ഇവാന പങ്കുവെച്ചത് തന്റെ സ്വന്തം ഭൂതകാലമാണ്. ‘‘നെതർലൻഡ്‌സിൽ ഒരു അഭയാർത്ഥി ബാലികയായി, കുടുംബത്തിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ് ഞാന്‍ വളർന്നത്. ഇന്ന് എന്റെ മകൾ ഇത്രയധികം സ്നേഹത്തിനും ബന്ധുക്കൾക്കും നടുവിൽ വളരുന്നത് കാണുമ്പോൾ വലിയ ആത്മസംതൃപ്തി തോന്നുന്നു. ചുരുക്കത്തിൽ ഏത് രീതിയാണ് ‘നല്ലത്’ എന്ന് തർക്കിക്കുന്നതിനേക്കാൾ, ഓരോ സാഹചര്യത്തെയും മനസ്സിലാക്കി മുൻവിധികളില്ലാതെ ജീവിതത്തെ സ്വീകരിക്കുന്നതാണ് സന്തോഷകരമായ മാതൃത്വത്തിന് വേണ്ടത്...’’ ഇവാന പറയുന്നു. ഇവാനയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Ads by Google
Monday 23 Mar 2026 05.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW