-->
ദുബായ്: വെറും എട്ട് മാസം പ്രായമുള്ള അഗസ്ത്യ ഖന്ന എന്ന കുരുന്നിന്റെ ആദ്യ വിമാനയാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. അച്ഛനായ പൈലറ്റ് ആകാശ് ഖന്ന പറത്തുന്ന വിമാനത്തില്‍, അച്ഛന്റെ പ്രൊഫഷണല്‍ യൂണിഫോമിന് സമാനമായ കുഞ്ഞന്‍ പൈലറ്റ് വേഷമണിഞ്ഞാണ് അഗസ്ത്യ യാത്രയ്‌ക്കെത്തിയത്. അഗസ്ത്യയുടെ അമ്മ ഗുഞ്ജന്‍ ആപ്‌തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദ്യമായ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വിമാനത്തിനുള്ളിലൂടെ അത്ഭുതത്തോടെ നടന്നുനീങ്ങുന്ന കുഞ്ഞിന്റെ കൗതുകം വീഡിയോയില്‍ കാണാം.
'ഡാഡീസ് ലിറ്റില്‍ കോപൈലറ്റ്' എന്നാണ് അഗസ്ത്യയെ അമ്മ പരിചയപ്പെടുത്തുന്നത്. കോക്പിറ്റില്‍ ആകാശ് ഖന്ന കുഞ്ഞുമായി ചെലവിടുന്ന നിമിഷങ്ങള്‍ ഏറെ ഹൃദ്യമാണ്. വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് അച്ഛന്‍ മകനോട് വിവരിക്കുന്നതും വിമാനം പറന്നുയരുന്നതിന് മുന്‍പായി കുടുംബം ഒന്നിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. 'ഏറ്റവും പ്രായം കുറഞ്ഞ കോപൈലറ്റ് അഗസ്ത്യ ഖന്ന ആദ്യമായി തന്റെ അച്ഛന്റെ വിമാനത്തില്‍. വലിയ സന്തോഷമാണിത്, നന്ദി എന്ന അടിക്കുറിപ്പോടെയാണ് ഗുഞ്ജന്‍ ആപ്‌തെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതൊരു അഭിമാന നിമിഷമാണെന്നും അഗസ്ത്യ ഒരു 'ഭാവി പൈലറ്റ്' ആണെന്നും ഒരാള്‍ കുറിച്ചു. മാതാപിതാക്കള്‍ കുട്ടികളുടെ വിജയത്തിന് നല്‍കുന്ന പിന്തുണയെ ഓര്‍മ്മിപ്പിക്കുന്ന നിമിഷമാണിതെന്ന് മറ്റൊരാള്‍ കുറിച്ചു. സ്‌നേഹമുള്ള മാതാപിതാക്കളെ ലഭി ച്ച കുട്ടി ഭാഗ്യവാനാണെന്നും കമന്റുകളുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ഓര്‍മ്മയാണിതെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.