Wednesday, March 18, 2026 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 01.32 PM

രണ്ട് മുന്‍ചാംപ്യന്മാര്‍ക്കും മടക്കം ; സിറ്റിയെ പൂട്ടിക്കെട്ടി റയല്‍ മാഡ്രിഡ് ; ചെല്‍സിയെ നാണം കെടുത്തി പിഎസ്ജി

uploads/news/2026/03/830865/real-madrid-11.jpg

ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്‌ളണ്ടിലെ രണ്ടു മുന്‍ചാംപ്യന്മാര്‍ക്ക് മടക്കം. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ മുന്‍ ചാംപ്യന്‍ന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും വീണു. സിറ്റിയ്ക്ക് സ്വന്തം കാണികളുടെ മുന്നില്‍ കനത്ത പ്രഹരം നല്‍കിയത് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡായിരുന്നു. ചെല്‍സി വീണത് നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയോടും. അതേസമയം ഈ സീസണില്‍ മികച്ച പടയോട്ടം നടത്തുന്ന ആഴ്സണല്‍ ബയര്‍ ലവര്‍കൂസന് മേല്‍ ജയം സമ്പദാിച്ച് ക്വാര്‍ട്ടറിലെത്തി.

ആഴ്സണല്‍ 2 ബെയര്‍ ലെവര്‍കൂസന്‍ 0

എബെറെച്ചി എസെയും ഡെക്ലാന്‍ റൈസും നേടിയ ഗോളുകളുടെ കരുത്തില്‍ ബയര്‍ ലെവര്‍കൂസനെ തകര്‍ത്ത് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ കൈ ഹാവെര്‍ട്‌സിന്റെ വൈകിയെത്തിയ പെനാല്‍റ്റി ഗോളിലൂടെ 1-1 സമനില പിടിച്ചിരുന്ന ആഴ്സണല്‍, രണ്ടാം പാദത്തില്‍ ജര്‍മ്മന്‍ കരുത്തര്‍ക്ക് ഒരവസരവും നല്‍കാതെയാണ് വിജയം പിടിച്ചെടുത്തത്.

എസ്സേയുടേയും റീസിന്റെയും ഗോളുകളിലായിരുന്നു ജയം നേടിയെടുത്തത്. ആദ്യ പകുതിയില്‍ തന്നെ ലെവര്‍കൂസനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗണ്ണേഴ്സിന് സാധിച്ചു. കോര്‍ണര്‍ കിക്കുകളില്‍ നിന്ന് ഗബ്രിയേല്‍ തൊടുത്ത മികച്ച രണ്ട് ശ്രമങ്ങള്‍ ലെവര്‍കൂസന്‍ ഗോള്‍കീപ്പര്‍ യാനിസ് ബ്ലാസ്വിച്ച് തടഞ്ഞില്ലായിരുന്നെങ്കില്‍ സ്‌കോര്‍ നില ഉയരുമായിരുന്നു. എന്നാല്‍ എബെറെച്ചി എസെയുടെ തകര്‍പ്പന്‍ ഗോളിന് മുന്നില്‍ ബ്ലാസ്വിച്ചിന് മറുപടിയുണ്ടായിരുന്നില്ല. ബോക്സിന് പുറത്ത് പന്ത് നിയന്ത്രിച്ച് പെട്ടെന്ന് തിരിഞ്ഞ് എസെ തൊടുത്ത ഷോട്ട് വലയുടെ മുകള്‍ഭാഗത്ത് തറയ്ക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ എസെയുടെ ആദ്യ ഗോളാണിത്.

രണ്ടാം പകുതിയിലും ആഴ്സണല്‍ ആധിപത്യം തുടര്‍ന്നു. ലെവര്‍കൂസന്‍ പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത് ഡെക്ലാന്‍ റൈസ് കൃത്യതയോടെ ഗോള്‍ പോസ്റ്റിന്റെ താഴെ മൂലയിലേക്ക് എത്തിച്ചതോടെ ആഴ്സണലിന്റെ വിജയം ഉറപ്പായി. വിജയം ഉറപ്പിച്ചതോടെ, വരാനിരിക്കുന്ന ഞായറാഴ്ച വെംബ്ലിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന കാരബാവോ കപ്പ് ഫൈനലിന് മുന്നോടിയായി പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ പരിശീലകന്‍ മിഖേല്‍ അര്‍റ്റേറ്റയ്ക്ക് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിങ് സി.പി ആണ് ആഴ്സണലിന്റെ എതിരാളികള്‍.

റയല്‍മാഡ്രിഡ് 2 മാഞ്ചസ്റ്റര്‍സിറ്റി 1

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്ക് വീണ്ടും റയല്‍ മാഡ്രിഡ് കരിനിഴല്‍ വീഴ്ത്തി. ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ പ്രകടനമായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് തുടര്‍ച്ചയായ മൂന്നാം സീസണിലും പുറത്തേക്കുള്ള വഴിതുറന്നത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ ക്യാപ്റ്റന്‍ ബെര്‍ണാഡോ സില്‍വ ചുവപ്പ് കാര്‍ഡ് വാങ്ങിയത് പുറത്തേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്തു. ഹാളണ്ട് സിറ്റിക്കായി ഒരു ഗോള്‍ മടക്കിയിരുന്നു.

ആദ്യ പാദത്തിലെ 3-0 എന്ന കൂറ്റന്‍ തോല്‍വി മറികടക്കുക എന്ന ഹിമാലയന്‍ ലക്ഷ്യവുമായാണ് സിറ്റി സ്വന്തം മൈതാനത്തിറങ്ങിയത്. മികച്ച രീതിയില്‍ കളി തുടങ്ങിയെങ്കിലും സില്‍വയുടെ പുറത്താകല്‍ സിറ്റിയുടെ തിരിച്ചുവരവ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. വിനീഷ്യസിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കവെ ഗോള്‍ ലൈനില്‍ വെച്ച് പന്ത് സില്‍വയുടെ കയ്യില്‍ തട്ടുകയായിരുന്നു. നീണ്ട വാര്‍ പരിശോധനയ്ക്കും ഓണ്‍-ഫീല്‍ഡ് മോണിറ്റര്‍ റിവ്യൂവിനും ശേഷം റഫറി ക്ലെമന്റ് ടര്‍പിന്‍ സില്‍വയ്ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയും റയലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച പെനാല്‍റ്റി പാഴാക്കിയ വിനീഷ്യസ് ഇത്തവണ തെറ്റുപറ്റിയില്ല. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡൊന്നരുമ്മയെ മറികടന്ന് പന്ത് വലയിലെത്തിച്ച് എത്തിഹാദ് സ്റ്റേഡിയത്തെ വിനീഷ്യസ് നിശബ്ദമാക്കി. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഫെഡറിക്കോ വാല്‍വെര്‍ഡെയിലൂടെ ലീഡ് ഉയര്‍ത്താന്‍ റയലിന് അവസരം ലഭിച്ചെങ്കിലും ഡൊന്നരുമ്മ അത് തടഞ്ഞു.

തിരിച്ചടിക്കാന്‍ സിറ്റിക്ക് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും റയലിന്റെ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ അവര്‍ക്ക് മുന്നില്‍ വന്മതിലായി നിന്നു. റയാന്‍ ചെര്‍ക്കിയുടെ ഷോട്ടും റോഡ്രിയുടെ ലോങ്ങ് റേഞ്ചറും കോര്‍ട്ടുവ തട്ടിയകറ്റി. എര്‍ലിംഗ് ഹാലണ്ടിന്റെ തകര്‍പ്പന്‍ ശ്രമവും ബെല്‍ജിയം താരം രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹാലണ്ട് ഒരു ഗോള്‍ മടക്കിയതോടെ സിറ്റിക്ക് ചെറിയൊരു പ്രതീക്ഷ കൈവന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് തന്റെ രണ്ടാം ഗോളും നേടി റയലിന്റെ വിജയം ഉറപ്പിച്ചു.

കഴിഞ്ഞ അഞ്ച് സീസണുകള്‍ക്കിടയില്‍ ഇത് 11-ാം തവണയാണ് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഇപ്പോള്‍ ഇവര്‍ സുപരിചിതരായ ശത്രുക്കളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ പ്ലേ-ഓഫ് റൗണ്ടിലും രണ്ട് വര്‍ഷം മുമ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും സിറ്റിയെ വീഴ്ത്തിയതുപോലെ ലാ ലിഗ വമ്പന്മാരായ റയല്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചു.

ചരിത്രപരമായ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചെത്തിയ കാണികള്‍ സ്റ്റേഡിയത്തില്‍ ആവേശകരമായ അന്തരീക്ഷമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് എന്ന പേര് ഇപ്പോള്‍ ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇതുവരെ അഞ്ച് തവണയാണ് റയല്‍ മാഡ്രിഡ് സിറ്റിയെ ഈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.

പിഎസ്ജി 3 ചെല്‍സി 0

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ തോല്‍വി. യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നോട് രണ്ട് പാദങ്ങളിലുമായി 8-2 എന്ന വമ്പന്‍ സ്‌കോറിന് പരാജയപ്പെട്ട് ആയിരുന്നു ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗിലെ പതനം. ഇരുപാദങ്ങളിലായി ചെല്‍സി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജോര്‍ജ്ജിയന്‍ താരം ഖ്വിച്ച ക്വാറത്സ്‌ഖേലിയ പിഎസ്ജിക്കായി ഗോള്‍വേട്ട തുടങ്ങി. 14-ാം മിനിറ്റില്‍ ഫ്രഞ്ച്താരം ബ്രാഡ്‌ലി ബാര്‍ക്കോള രണ്ടാം ഗോളും നേടിയതോടെ മത്സരത്തിന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച്താരം സെനി മയൂലു കൂടി ലക്ഷ്യം കണ്ടതോടെ ചെല്‍സിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

കളിയുടെ ആറാം മിനിറ്റില്‍ തന്നെ മമഡു സാറിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ക്വാറത്സ്‌ഖേലിയ പന്ത് വലയിലെത്തിച്ചു.
മിഡ്ഫീല്‍ഡില്‍ മോയ്‌സസ് കായ്‌സെഡോയ്ക്ക് പന്ത് നഷ്ടമായതിന് പിന്നാലെ പിഎസ്ജി നടത്തിയ പ്രത്യാക്രമണത്തില്‍ ബാര്‍ക്കോള ഒരു തകര്‍പ്പന്‍ ഹാഫ്-വോളിയിലൂടെ സ്‌കോര്‍ ചെയ്തു. 19-കാരനായ മയൂലു ബോക്സിന് ഉള്ളില്‍ നിന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ പിഎസ്ജി മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരങ്ങളായ കോള്‍ പാമര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരെ പിന്‍വലിച്ച പരിശീലകന്റെ തീരുമാനം ആരാധകരെ നിരാശരാക്കി. ഇതിനിടെ പ്രതിരോധ താരം ട്രെവോ ചലോബയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്ട്രെച്ചറില്‍ പുറത്തേക്ക് പോകേണ്ടി വന്നതോടെ അവസാന മിനിറ്റുകളില്‍ ചെല്‍സി 10 പേരായി ചുരുങ്ങി.

മത്സരത്തിനിടെ ചെല്‍സി ആരാധകര്‍ നിലവിലെ ഉടമകള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തി. ഏജന്റുമാര്‍ക്ക് നിയമവിരുദ്ധമായി പണം നല്‍കിയതിന് പ്രീമിയര്‍ ലീഗ് 10.75 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയ പശ്ചാത്തലത്തിലും, മുന്‍ ഉടമ റോമന്‍ അബ്രാമോവിച്ചിന് അനുകൂലമായി ആരാധകര്‍ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധേയമായി.

Ads by Google
Ads by Google
TRENDING NOW