-->
ബ്രസീലിയ: രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ ഫുട്‌ബോള്‍ ടീമില്‍നിന്നു സൂപ്പര്‍ താരം നെയ്‌മറിനെ ഒഴിവാക്കി. ''നൂറ് ശതമാനം കായിക ക്ഷമത''യില്ലാത്തതിനാലാണു നെയ്‌മറിനെ ഒഴിവാക്കിയതെന്നു കോച്ച് കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.
34 വയസുകാരനായ നെയ്‌മര്‍ 2023 ഒക്‌ടോബറിനു ശേഷം ബ്രസീലിനു വേണ്ടി കളിച്ചില്ല. കാല്‍മുട്ടിനേറ്റ പരുക്കു മൂലമാണു നെയ്‌മര്‍ പുറത്തിരുന്നത്. ഫെബ്രുവരിക്കു ശേഷം ക്ലബ് ഫുട്‌ബോളില്‍ നാല് മത്സരങ്ങള്‍ കളിച്ചു. 27 നു യു.എസിലെ ബോസ്‌റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ഫ്രാന്‍സിനെയും നാല് ദിവസങ്ങള്‍ക്കു ശേഷം ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ക്ര?യേഷ്യയെയും നേരിടും.
ബ്രസീലിന് ആറാം ലോകകപ്പ് കിരീടം നേടിക്കൊടുക്കുകയാണ് ആന്‍സലോട്ടിയുടെ ലക്ഷ്യം. 2002 നു ശേഷം അവര്‍ക്ക് ലോക ചാമ്പ്യന്‍മാരാകാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ 13 നു നടക്കുന്ന ലോകകപ്പ് സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ മൊറോക്കോയെ നേരിടും. ഹെയ്‌തി, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണു ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. നെയ്‌മര്‍ ലോകകപ്പിനു മുമ്പ് കായിക ക്ഷമത വീണ്ടെടുക്കുമെന്നാണു പ്രതീക്ഷയെന്ന് ആന്‍സലോട്ടി പറഞ്ഞു. റയാല്‍ മാഡ്രിഡ് താരം റോഡ്രിഗോ, ന്യൂകാസില്‍ യുണൈറ്റഡിന്റെ മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഗുയ്‌മാറസ് എന്നിവരെയും പരുക്കു മൂലം ഒഴിവാക്കി. 19 വയസുകാരന്‍ എന്‍ഡ്രികിനെ ടീമിലേക്കു തിരിച്ചു വിളിച്ചു. ആന്‍സലോട്ടി റയാല്‍ മാഡ്രിഡ് കോച്ചായിരിക്കേയാണ് എന്‍ഡ്രികിനെ പാല്‍മീറാസില്‍നിന്നു സ്വന്തമാക്കിയത്. ബ്രെന്റ്‌ഫോഡിന്റെ സ്‌ട്രൈക്കര്‍ ഇഗോള്‍ തിയാഗോ, ബോണ്‍മൗത്തിന്റെ കൗമാര താരം റയാന്‍ എന്നിവരാണു പുതുമുഖങ്ങള്‍.
ടീം: ഗോള്‍ കീപ്പര്‍മാര്‍ - അലിസണ്‍, ബെന്റോ, എഡേഴ്‌സണ്‍. ഡിഫന്‍ഡര്‍മാര്‍- അലക്‌സ് സാന്‍ഡ്രോ, ബ്രമര്‍, ഡാനിലോ, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മാഗ്‌ഹാസ്, ഐബാനെസ്, ലിയോ പെരേര, മാര്‍ക്വിനോസ്, വെസ്ലി. മിഡ്‌ഫീല്‍ഡര്‍മാര്‍- ആന്ദ്രെ സാന്റോസ്, കാസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ഗബ്രിയേല്‍ സാറ.
സ്‌ട്രൈക്കര്‍മാര്‍ - എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെലി, ഇഗോര്‍ തിയാഗോ, ജോയ പെഡ്രോ, ലൂയിസ് ഹെന്റിക്വസ്, മാത്യുസ് കുന്‍ഹ, റാഫിഞ്ഞ, റയാന്‍, വിനീഷ്യസ് ജൂനിയര്‍.
ഒഴിവാക്കിയതില്‍ ഒരേ സമയം ദേഷ്യവും സങ്കടവും തോന്നിയെന്ന പ്രതികരണവുമായി നെയ്‌മര്‍ രംഗത്തെത്തി. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ശേഷമാണു നെയ്‌മറിനെ കോച്ച് കാര്‍ലോ ആന്‍സലോട്ടി ഒഴിവാക്കിയത്. ലോകകപ്പില്‍ ബ്രസീലിനായി കളിക്കാമെന്ന് ഉറപ്പുണ്ടെന്നു നെയ്‌മര്‍ വിശ്വാസം പ്രകടിപ്പിച്ചു.
ബ്രസീല്‍ സീരി എയില്‍ സാന്റോസ് എഫ്.സിക്കു വേണ്ടിയാണു നെയ്‌മര്‍ കളിക്കുന്നത്. കോറിന്ത്യന്‍സിനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ നെയ്‌മര്‍ 90 മിനിറ്റും കളിച്ചിരുന്നു. മത്സരം 1-1 നു സമനിലയായി. ബ്രസീലിനായി 128 മത്സരങ്ങള്‍ കളിച്ച നെയ്‌മര്‍ 79 ഗോളുകളടിച്ചു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോററാണ്. ബ്രസീലിന്റെ അണ്ടര്‍ 17, അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകള്‍ക്കായും കളിച്ചു. 2012-13 സീസണില്‍ സാന്റോസിനായി ക്ലബ് ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ നെയ്‌മര്‍ ബാഴ്‌സലോണ (213-2017), പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍ (2017-2023), അല്‍ ഹിലാല്‍ (2023-2025) എന്നിവര്‍ക്കു വേണ്ടിയും കളിച്ചു. കഴിഞ്ഞ വര്‍ഷമാണു സാന്റോസില്‍ തിരിച്ചെത്തിയത്.