Wednesday, March 18, 2026 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 01.24 PM

കളിച്ചു കപ്പടിച്ച സെനഗലിന്റെ കിരീടവിജയം റദ്ദാക്കി ; മൊറോക്കോയെ ആഫ്രിക്കന്‍ കപ്പ് ചാമ്പ്യന്മാരാക്കി

uploads/news/2026/03/830862/senegal.jpg

ഗിസ: ഫൈനലില്‍ ഉണ്ടാക്കിയ കലഹത്തിനും മൈതാനത്ത് നിന്നുള്ള ഇറങ്ങിപ്പോക്കിനും പിന്നാലെ ഫൈനലില്‍ തോറ്റ മൊറോക്കോയെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ചാംപ്യന്മാരാക്കി പ്രഖ്യാപിച്ച് ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരി 18-ന് നടന്ന ആവേശകരമായ ഫൈനലില്‍ മൊറോക്കോയെ 1-0 എന്ന നിലയില്‍ സെനഗല്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഫലത്തെ മാറ്റിമറിച്ചത്. ഫൈനലിനിടയില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ മൈതാനത്ത് നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് തീരുമാനം.

മത്സരം ഗോള്‍രഹിതമായി തുടരവെ, ഇന്‍ജുറി ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളി തുടരാന്‍ വിസമ്മതിച്ച് മൈതാനത്തുനിന്ന് പുറത്തുപോയി. ഏകദേശം 17 മിനിറ്റോളം കളി തടസ്സപ്പെട്ടു. ഒടുവില്‍ താരങ്ങള്‍ തിരിച്ചെത്തുകയും മൊറോക്കോയുടെ ബ്രാഹിം ഡയസ് പെനാല്‍റ്റി എടുക്കുകയും ചെയ്തു. എന്നാല്‍ ഡയസിന്റെ കിക്കിനെ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി തടഞ്ഞു. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ പാപ്പെ ഗുയെ നേടിയ ഗോളിലൂടെ സെനഗല്‍ വിജയിക്കുകയായിരുന്നു. മത്സരഫലത്തിനെതിരെ മൊറോക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കഫ് പുതിയ തീരുമാനമെടുത്തത്. സെനഗല്‍ കളി തോറ്റതായും മത്സരഫലം 3-0 എന്ന നിലയില്‍ മൊറോക്കോയ്ക്ക് അനുകൂലമായും രേഖപ്പെടുത്തി.

ട്രോഫി സംബന്ധിച്ച തീരുമാനത്തിന് പുറമെ, വ്യക്തികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളും അപ്പീല്‍ ജൂറി പുനഃപരിശോധിച്ചു. 'ടുവല്‍ എപ്പിസോഡില്‍' ഉള്‍പ്പെട്ട മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ സൈബാരിക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത ശിക്ഷയില്‍ വലിയ ഇളവ് നല്‍കി. സൈബാരിയുടെ സസ്പെന്‍ഷന്‍ രണ്ട് ഔദ്യോഗിക മത്സരങ്ങളായി കുറച്ചു. കൂടാതെ, അദ്ദേഹത്തിന് ചുമത്തിയിരുന്ന 100,000 ഡോളര്‍ പിഴ പൂര്‍ണ്ണമായും റദ്ദാക്കി. നിയമം അനുസരിച്ച് റഫറിയുടെ അനുവാദമില്ലാതെ ഒരു ടീം കളി നിര്‍ത്തി പുറത്തുപോയാല്‍, അവര്‍ പരാജയപ്പെട്ടതായി കണക്കാക്കണം എന്ന ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ 82,84 വകുപ്പുകള്‍ ലംഘനത്തിനുള്ള ശിക്ഷയാണ് നല്‍കിയത്. ഇത്തരം ടീമിനെ മത്സരത്തില്‍ നിന്ന് ശാശ്വതമായി പുറത്താക്കുകയും എതിര്‍ ടീമിന് 3-0 വിജയം അനുവദിക്കുകയും ചെയ്യും.

Ads by Google
Ads by Google
TRENDING NOW