Wednesday, March 18, 2026 Last Updated 52 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.40 PM

വണക്കം ചെന്നൈ

uploads/news/2026/03/830760/sp1.jpg

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടീം രാജസ്‌ഥാന്‍ റോയല്‍സ്‌ വിടാനുള്ള തീരുമാനം വ്യക്‌തിപരമാണെന്നും വളരെ വ്യക്‌തമായി ചിന്തിച്ചെടുത്തതാണെന്നും സഞ്‌ജു സാംസണ്‍.
രാജസ്‌ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര സ്വാഭാവികമായ ഒരു പൂര്‍ണതയിലെത്തിയെന്നു തോന്നി. തുടരുന്നതിന്‌ പകരം കരിയറിലെ പുതിയൊരു അധ്യായം തേടി മുന്നോട്ട്‌ പോകാനാണു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയതെന്നും സഞ്‌ജു വിശദീകരിച്ചു.
ഐ.പി.എല്ലില്‍ സി.എസ്‌.കെയ്‌ക്കായുള്ള സഞ്‌ജുവിന്റെ അരങ്ങേറ്റ മത്സരം ഗുവാഹത്തിയിലെ ബര്‍സാപാറ സ്‌റ്റേഡിയത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ്‌. വൈകാരികമായ നിമിഷമായിരിക്കുമെങ്കിലും കാര്യങ്ങളെ ലളിതമായി കാണാനാണ്‌ ഇന്ത്യയുടെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ താല്‍പര്യപ്പെടുന്നത്‌്. മൈതാനത്തിറങ്ങിയാല്‍ തന്റെ ശ്രദ്ധ പൂര്‍ണമായും കളിയിലാണെന്നും സഞ്‌ജു വ്യക്‌തമാക്കി. കഴിഞ്ഞ നവംബറില്‍ താര ലേലത്തിനു മുന്നോടിയായാണു സഞ്‌ജു രാജസ്‌ഥാന്‍ വിടുകയാണെന്നു പ്രഖ്യാപിച്ചത്‌. ഈ നീക്കം ആരാധകരെ അമ്പരപ്പിച്ചു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കു പകരമാണു സി.എസ്‌.കെ. സഞ്‌ജുവിനെ സ്വന്തമാക്കിയത്‌.
രണ്ട്‌ ഘട്ടങ്ങളിലായി (2013-2015, 2018-2025) സഞ്‌ജു രാജസ്‌ഥാന്‍ ടീമിനായി കളിച്ചു. രാജസ്‌ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരവും സഞ്‌ജുവാണ്‌. ഇടയ്‌ക്ക് 2016, 2017 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‌ ( ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌) വേണ്ടിയും കളിച്ചു.
ചെന്നൈയില്‍ സഞ്‌ജുവിന്റെ റോള്‍ എന്തായിരിക്കുമെന്നതില്‍ ചര്‍ച്ച സജീവമാണ്‌. ട്വന്റി20 ലോകകപ്പില്‍ ഓപ്പണറായിറങ്ങിയ സഞ്‌ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അഞ്ച്‌ ഇന്നിങ്‌സുകളിലായി 310 റണ്ണെടുത്ത സഞ്‌ജു ലോകകപ്പിലെ താരവുമായി. സഞ്‌ജു മൂന്നാം നമ്പറില്‍ കളിക്കേണ്ടി വരുമെന്ന്‌ സി.എസ്‌.കെയുടെ മുന്‍ താരം സുരേഷ്‌ റെയ്‌ന വിലയിരുത്തി. സഞ്‌ജു രാജസ്‌ഥാന്‍ റോയല്‍സിന്റെ നായകനായി ഏറെ നാള്‍ കളിച്ചു.
ഓപ്പണര്‍മാരായി ആയുഷ്‌ എംഹാത്രെയും ഋതുരാജ്‌ ഗെയ്‌ക്വാദും മികച്ച ജോഡിയാണ്‌. ഈ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പൊളിക്കാന്‍ സിഎസ്‌കെ തയ്യാറായേക്കില്ലെന്നും റെയ്‌ന ചൂണ്ടിക്കാട്ടി. മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി എവിടെ ബാറ്റ്‌ ചെയ്യുമെന്നതും ആകാംക്ഷയുണ്ടാക്കുന്നതാണ്‌. ഇംപാക്‌ട് പ്ലയറായി എട്ടാം നമ്പറില്‍ ധോണി ഇറങ്ങാനാണു സാധ്യത. വിക്കറ്റ്‌ കീപ്പറായി ധോണിയാണോ സഞ്‌ജുവാണോ എന്ന്‌ ഉറപ്പില്ല. സഞ്‌ജുവിനെ ടീമിന്റെ ബ്രാന്‍ഡ്‌ നെയിമായി ധോണിയുടെ പിന്‍ഗാമിയാക്കാനും ലക്ഷ്യമുണ്ട്‌. ധോണി മധ്യനിരയില്‍ ബാറ്റ്‌ ചെയ്യണമെന്ന നിലപാടിലാണ്‌ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എ.ബി. ഡിവിലിയേഴ്‌സ്.

Ads by Google
Tuesday 17 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW