-->
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍ ബാഴ്‌സലോണയും ഇംഗ്ലണ്ടിലെ ന്യൂകാസില്‍ യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും. ബാഴ്‌സലോണയുടെ തട്ടകമായ ന്യൂ ക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 11.15 മുതലാണു മത്സരം. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 1-1 നു സമനില നേടിയ ആവേശത്തിലാണ് ന്യൂകാസില്‍ യുണൈറ്റഡ്‌്്.
ഇന്നു ജയിക്കുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. സമനില തുടരുകയാണെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാവിനെ കണ്ടെത്തും. ഒന്നാംപാദ മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു ഗോളുകള്‍ വീണത്. ജേക്കബ് മര്‍ഫിയുടെ ക്രോസിനെ ഹാര്‍വി ബാണ്‍സ് തകര്‍പ്പന്‍ വോളിയിലൂടെ വലയിലാക്കി. കളിയുടെ അവസാന മിനിറ്റില്‍ ഡാനി ഒല്‍മോ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ന്യൂകാസില്‍ താരം മാലിക് തിയുവിന്റെ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഒല്‍മോ ഗോളാക്കി. ന്യൂകാസില്‍ കോച്ച് എഡ്‌ഡി ഹോവ് അപ്രതീക്ഷിത നീക്കങ്ങളുടെയാളാണ്‌്. ബാണ്‍സ്, ആന്റണി എലാംഗ, വില്യം ഒസുക എന്നിവരെ മുന്നില്‍ നിര്‍ത്തിയ എഡ്‌ഡി സ്‌ട്രൈക്കര്‍മാരായ നിക് വോള്‍ട്ട്‌മെയ്‌ഡ്, യോന്‍ വിസ എന്നിവരെയും ടീമിന്റെ ലീഗിലെ ടോപ് സ്‌കോറര്‍ ആന്റണി ഗോള്‍ഡന്‍ എന്നിവരെയും പുറത്തിരുത്തി. ബാഴ്‌സയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ മൂവര്‍ സംഘത്തിന്റെ വേഗത്തിനായി.
കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതും ലക്ഷ്യമില്ലാത്ത ക്രോസുകളും ബാഴ്‌സ വലയില്‍ പന്ത് കയറാതെ കാത്തു. സ്‌പാനിഷ് ലാ ലിഗയില്‍ സെവിയയെ 5-2 നു തോല്‍പ്പിച്ച് ഒന്നാം സ്‌ഥാനത്തു തുടരുകയാണു ബാഴ്‌സ. മത്സരത്തില്‍ വിങര്‍ ബ്രസീലുകാരന്‍ റാഫിഞ്ഞ ഹാട്രിക്കടിച്ചിരുന്നു.
ലാ ലിഗയിലെ ഒരു മത്സരത്തില്‍ ഒരു ഗോളെങ്കിലും വഴങ്ങുന്ന പോരായ്‌മ പരിഹരിക്കാന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന് കഴിഞ്ഞില്ല. പരുക്കിന്റെ പിടിയിലുള്ള കൗമാര താരം ലാമിനെ യമാല്‍ ന്യൂകാസിലിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കാനാകില്ല. സെവിയയ്‌ക്കെതിരേ ബാഴ്‌സയ്‌ക്കായി റാഫിഞ്ഞയെ കൂടാതെ ഡാനി ഒല്‍മോ, ജോയ കാന്‍സെല എന്നിവരും ഗോളടിച്ചിരുന്നു. ഹാന്‍സി ഫ്‌ളിക്കിന്റെ കരാര്‍ കാലാവധി 2028 വരെ നീട്ടാന്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലാപ്പോട്ട ഇന്നലെ തീരുമാനിച്ചിരുന്നു.