-->
ഹാമില്‍ട്ടണ്‍: ദക്ഷിണാഫ്രിക്കന്‍ പുരുഷ/വനിതാ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം ആവേശകരമായി തുടരുന്നു. രണ്ടാം ട്വന്റി20 യില്‍ ന്യൂസിലന്‍ഡ് പുരുഷന്‍മാര്‍ 68 റണ്ണിന്റെ തകര്‍പ്പന്‍ ജയം കുറിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 18 റണ്ണിനാണു ജയിച്ചത്‌്.
സെഡന്‍പാര്‍ക്കില്‍ നടന്ന പുരുഷ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 15.3 ഓവറില്‍ 107 റണ്ണിന് ഓള്‍ഔട്ടായി. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയുടെ (49 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 60) വെടിക്കെട്ടാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ജോഷ് ക്ലാര്‍ക്ക്‌സണ്‍ (ഒന്‍പത് പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 26), കോളി മക്‌കോഞ്ചി (12 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 18) എന്നിവര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.
നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ (14 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 20), നിക് കെലി (12 പന്തില്‍ 21) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജോര്‍ജ് ലിന്‍ഡെയ്‌ക്കു (12 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 33) മാത്രമാണു പൊരുതാനായത്. കേശവ് മഹാരാജ്,എന്‍ക്വാബാനി മൊകൊയ്‌ന എന്നിവര്‍ പൂജ്യത്തിനു പുറത്തായി.
ന്യൂസിലന്‍ഡിനായി ലൂകി ഫെര്‍ഗുസണും ബെന്‍ സിയേഴ്‌സും മൂന്ന് വിക്കറ്റ് വീതമെടുത്തു. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും മക്‌കോഞ്ചി, ജെയിംസ് നീഷാം എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1 എന്ന നിലയിലായി.
വനിതകളില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നിശ്‌ചിത 20 ഓവറില്‍ അവര്‍ അഞ്ച് വിക്കറ്റിന് 177 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ 159 റണ്ണിന് ഓള്‍ഔട്ടായി.
ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണര്‍ ടാസ്‌മിന്‍ ബ്രിറ്റ്‌സ് (43 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 53), ലോറ (33 പന്തില്‍ 41), സുനെ ലുസ് (21 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 31), കെയ്‌ല റെയ്‌നെകെ (ഒന്‍പത് പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 28) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. അയാബോങ ഖാക നാല് വിക്കറ്റും നോന്‍കുലേകു എംലാബ മൂന്ന് വിക്കറ്റുമായി തിളങ്ങി. ഇരുടീമുകളും 1-1 എന്ന നിലയിലാണ്‌്.