-->
മാഡ്രിഡ്: പഴയ ആശാന്റെ പുതിയ കുട്ടികളുമായി ഏറ്റുമുട്ടിയപ്പോള്‍ റയല്‍ മാഡ്രിഡിനും അട്ടിമറി വീരന്മാരായ നോര്‍വീജിയന്‍ ക്ലബ്ബ് ബോഡോയോട് അത്‌ലറ്റിക്കോ മാഡ്രിഡിനും യുവേഫാ ചാംപ്യന്‍സ്ലീഗില്‍ വമ്പന്‍ തോല്‍വി. മാഡ്രിഡുകാര്‍ക്കും മാഡ്രിഡ് ക്ലബ്ബുകളുടെ ആരാധകര്‍ക്കും വലിയ നിരാശ സമ്മാനിക്കുന്നതായിരുന്നു യുവേഫാ ചാംപ്യന്‍സ് ലീഗിലെ ഇന്നലത്തെ പ്രധാന അട്ടിമറികള്‍.
മൂന്‍ പരിശീലകന്‍ ജോസെ മൊറീഞ്ഞോയുടെ പുതിയ ശിഷ്യന്മാരായ ബെനഫിക്കയില്‍ നിന്നുമാണ് റയല്‍ മാഡ്രിഡിന് അടി കിട്ടിയത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ തകര്‍ത്തുവിട്ടത്. നോര്‍വേതാരം ആന്‍ഡ്രിയാസ് ഷെല്‍ഡറൂപ്പിന്റെ ഇരട്ടഗോളുകളും മദ്ധ്യനിരക്കാരന്‍ ഗ്രീക്ക് താരം വാന്‍ഗ്‌ളെസ് പാവ്‌ളിഡിസ്, ഉക്രെയിന്‍ താരവും ഗോള്‍കീപ്പറുമായ അനാറ്റോലി ട്രബിന്‍ എന്നിവരാണ്് ബെനഫിക്കയുടെ ഗോളടിച്ചത്. റയലിനായി എംബാപ്പേ ഇരട്ടഗോളുകള്‍ നേടി. കളിയുടെ അവസാന മിനിറ്റില്‍ റയല്‍ താരങ്ങളായ റൗള്‍ അസന്‍സിയോയും റോഡ്രിഗോയും ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.
ബെനഫിക്ക ഗോളി ഗോളടിച്ചതും രണ്ടുപേര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ഉള്‍പ്പെടെ സംഭവബഹുലമായിരുന്നു റയല്‍ ബെനഫിക്ക മത്സരം. കളിയില്‍ എംബാപ്പേയിലൂടെ ആദ്യം സ്‌കോര്‍ ചെയ്തത് റയലായിരുന്നു. 15 തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാല്‍ മാത്രം പോരാ കൂടുതല്‍ ഗോള്‍ കണ്ടെത്തുകയും വേണമെന്ന ഭഗീരഥ ഘട്ടത്തിലാണ് ബെനഫിക്ക കളത്തിലെത്തിയത്. നാലുഗോള്‍ ഇല്ലെങ്കില്‍ അവരുടെ ചാമ്പ്യന്‍സ്‌ലീഗ് കാമ്പെയ്ന്‍ അവസാനിക്കുമായിരുന്നു. ഇതാണ് അവസാന മിനിറ്റില്‍ അനറ്റോലി ട്രൂബിനിലൂടെ അവര്‍ സാധ്യമാക്കിയത്. അധിക സമയത്തിനുള്ളില്‍, അവര്‍ക്ക് 3-2 ന് മുന്നിലായിരുന്നു, പക്ഷേ മറ്റൊരു ഗോള്‍ ആവശ്യമായിരുന്നു, ഈ ഘട്ടത്തില്‍ കിട്ടിയ ഒരു ഫ്രീ കിക്ക് അവര്‍ക്ക് ജീവവായുവായി. മദ്ധ്യനിരതാരം ഔറിസ്‌നെസ് എടുത്ത ഫ്രീകിക്കില്‍ തലവെച്ച് ട്രൂബിന്‍ അത് സാധ്യമാക്കി. തൊട്ടു പിന്നാലെ ഫൈനല്‍ വിസിലും വന്നു.
കളിയുടെ മുപ്പതാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തി. റൗള്‍ അസന്‍സിയോയുടെ ക്രോസില്‍ കൈലിയന്‍ എംബാപ്പെയുടെ ഹെഡ്ഡറില്‍ അവര്‍ മുന്നിലെത്തി. എന്നാല്‍ ആറ് മിനിറ്റിനുശേഷം വാംഗ്‌ളിസ് പാവ്ലിഡിസ് നല്‍കിയ പന്തില്‍ റൗള്‍ അസെന്‍സിയോയുടെ സ്ലിപ്പ് മുതലെടുത്ത് ആന്‍ഡ്രിയാസ് ഷ്ജെല്‍ഡെറപ്പ് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇതേ കൂട്ടുകെട്ട് ബെനഫിക്കയുടെ രണ്ടാം ഗോളും നേടിയപ്പോള്‍ റയല്‍ ഞെട്ടി. എന്നാല്‍ നാലു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഗിലേറിന്റെ പന്തില്‍ എംബാപ്പേ വീണ്ടും സ്‌കോര്‍ ചെയ്ത് റയലിനെ ഒപ്പമെത്തിച്ചു.
ബെന്‍ഫിക്ക വീണ്ടും ആക്രമണം തുടര്‍ന്നപ്പോള്‍ അടുത്ത ഊഴം പാവ്‌ലിഡിസിന്റേതായിരുന്നു. മൂന്ന് ഗോളിന് പിന്നിലായതോടെ റയലിന്റെ പ്രതിരോധം വീണ്ടും വീണ്ടും പാളി. കളി ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോള്‍ 92-ാം മിനിറ്റില്‍ രണ്ടാമത്തെ ബുക്കബിള്‍ ഒഫന്‍സിന് അസെന്‍സിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നാലെ പകരക്കാരനായ റോഡ്രിഗോയ്ക്കും ചുവപ്പ് കിട്ടിയതോടെ റയല്‍ മാഡ്രിഡ് ഒമ്പതായി ചുരുങ്ങി. ഇതിന് പിന്നാലെയായിരുന്നു ബെനഫിക്ക ഗോള്‍കീപ്പറുടെ ഗോള്‍ കൂടി വന്നത്.
മാഡ്രിഡിലെ രണ്ടാമത്തെ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനും തോല്‍വി നേരിട്ടു. മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയിട്ടുള്ള നോര്‍വേ ക്ലബ്ബ് ബോഡോയില്‍ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡും തോല്‍വി ഏറ്റുവാങ്ങി. ബോഡോ/ഗ്ലിംറ്റ് പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ചരിത്ര വിജയം നേടിയത്. എട്ട് ദിവസം മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയെ 3-1 ന് തോല്‍പ്പിച്ച നോര്‍വീജിയന്‍ ചാമ്പ്യന്മാര്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ നേടിയാണ് ജയിച്ചുകയറിയത്. 15-ാം മിനിറ്റില്‍ ഡേവിഡ് ഹാങ്കോയുടെ ക്രോസില്‍ നികിത ഹൈക്കിനെ മറികടന്ന് അലക്‌സാണ്ടര്‍ സോര്‍ലോത്ത് അത്‌ലറ്റിക്കോ മാഡ്രിഡിനെ മുന്നിലെത്തിച്ചു.
എന്നിരുന്നാലും, 1996-97 ലെ റോസെന്‍ബോര്‍ഗിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ലീഗ് അല്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറുന്ന ആദ്യത്തെ നോര്‍വീജിയന്‍ ടീമായ ബോഡോ/ഗ്ലിംറ്റ് 19 മിനിറ്റിനുശേഷം ഫ്രെഡ്രിക് ആന്‍ഡ്രെ ബ്യോര്‍ക്കന്റെ മികച്ച ഒരു കട്ട്ബാക്കിന് ശേഷം ഡിഫന്‍ഡര്‍ ഫ്രെഡ്രിക് ജോവോള്‍ഡ് ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ നേടിയതോടെ സമനിലയിലായി. 59-ാം മിനിറ്റില്‍ ഫോര്‍വേഡ് കാസ്പര്‍ വാര്‍ട്ട്‌സ് ഹോഗ് ഒരു ഗോള്‍മൗത്ത് സ്‌ക്രാംബിളില്‍ ജാന്‍ ഒബ്ലാക്കിനെ മറികടന്ന് തന്റെ ടീമിനായി ആദ്യ എവേ വിജയം ഉറപ്പാക്കിയപ്പോള്‍ നിര്‍ണായകമായ ഗോള്‍ പിറന്നു. ബോഡോ/ഗ്ലിംറ്റ് ഇന്റര്‍ മിലാനെ നേരിടും, അതേസമയം അത്ലറ്റിക്കോ ക്ലബ് ബ്രൂഗെയെ നേരിടും.