Wednesday, March 18, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 08.37 AM

അലി ലാരിജാനി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഇറാന്‍ ; ഖമനേയിക്കു ശേഷം കൊല്ലപ്പെടുന്ന മുതിര്‍ന്ന നേതാവ്

uploads/news/2026/03/830791/ali-larijani.jpg

ജറുസലേം: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നതിനിടയില്‍ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. അലി ലാരിജാനിയ്‌ക്കൊപ്പം ബാസിജ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ സ്ഥിരീകരിച്ചിരുന്നില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കു ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനായിരിക്കും ലാരിജാനി. ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടതെന്നാണ് കുറിപ്പ് പറയുന്നത്. കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത സുഹൃത്തായിരുന്നു ലാരിജാനി. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ലാരിജാനി ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ്. ആണവ ചര്‍ച്ചകളിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഒരു സൈനിക കമാന്‍ഡറല്ലെങ്കിലും, ഇറാന്റെ തന്ത്രപരമായ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദഗ്ധന്‍ കൂടിയായിരുന്നു അലി ലാരിജാനി. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി എന്ന നിലയില്‍, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളില്‍ തീരുമാനം എടുക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ടെഹ്‌റാനില്‍ നടന്ന ഖുദ്‌സ് ദിന റാലികളിലാണ് അദ്ദേഹത്തെ അവസാനമായി പൊതുജനമധ്യത്തില്‍ കണ്ടത്. അന്നു തന്നെ ലാരിജാനി ഉള്‍പ്പെടെ ഇറാനിലെ 10 ഉന്നതരെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു.എസ്. 10 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ലാരിജാനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. ഒറ്റരാത്രികൊണ്ട് 'സുപ്രധാന ഉന്മൂലനങ്ങള്‍' നടത്തിയതായി ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീറും പറഞ്ഞു.

ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സിന്റെ തലവനായ ഘോലംറേസ സുലൈമാനിക്കുപുറമേ മറ്റ് മുതിര്‍ന്ന ബാസിജ് നേതാക്കളെയും ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരമത്ത ഇറാന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ പിന്തുണ നല്‍കാത്തതില്‍ ലാരിജാനി നിരാശ പ്രകടിപ്പിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW