-->
തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ. സിറ്റിംഗ് എംഎല്‍എ യ്‌ക്കൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരന്‍ കൂടി വരുന്നതോടെ വലിയ ശ്രദ്ധനേടുന്ന മണ്ഡലമായി വട്ടിയൂര്‍കാവ് മാറിയെന്നും വികസിത കേരളവും വികസിത വട്ടിയൂര്‍കാവുമാണ് താന്‍ ബിജെപിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ശ്രീലേഖയുടെ ആദ്യ പ്രതികരണം.
ഇന്ന് രാവിലെ കണ്ണന്മൂലയിലെ ചട്ടമ്പി സ്വാമി സ്മാരക മന്ദിരത്തില്‍ നിന്നും പ്രചരണം തുടങ്ങിയ ശ്രീലേഖ വലിയ പ്രതീക്ഷയിലാണ്. പ്രചരണത്തിന്റെ അനൗദ്യോഗിക തുടക്കത്തില്‍ എവിടെ ചെന്നാലും തനിക്ക് കിട്ടുന്നത് ആവേശോജ്വല സ്വീകരണമാണെന്നും നല്ല പ്രതികരണം കിട്ടുന്നത് വലിയ പ്രതീക്ഷയാണെന്നും ശ്രീലേഖ പ്രതികരിച്ചു. വികസിതഭാരതമെന്ന നരേന്ദ്രമോദിയുടെ സ്വപ്‌നം കേരളത്തിലും കൊണ്ടുവരികയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും വികസിതകേരളവും വികസിത വട്ടിയൂര്‍കാവുമാണ് ലക്ഷ്യമിടുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നും പ്രതികരിച്ചു. വട്ടിയൂര്‍കാവില്‍ താന്‍ ആദ്യം ലക്ഷ്യമിടുന്നത് പിന്നോക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാണെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതിനാല്‍ താന്‍ അനുസരിച്ചെന്നും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം ആണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്‍ ശ്രീലേഖ ഇന്നലെ പ്രതികരിച്ചിരുന്നു. ലോക്‌സഭാ തദ്ദേശ തെരെഞ്ഞടുപ്പുകളില്‍ വട്ടിയൂര്‍കാവില്‍ ബിജെപിയുടെ വോട്ടുഷെയര്‍ കൂടിയതിലാണ് പ്രതീക്ഷ.