-->
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട കോണ്‍ഗ്രസ് നേതൃത്വം രണ്ടാംഘട്ട സ്ഥാനാര്‍ഥി നിര്‍ണയത്തിനൊരുങ്ങുന്നു. ഇന്ന് രാവിലെ 11.30ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനും നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനും ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങള്‍, അവസാന ഘട്ടത്തിലും ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പരിഗണനയില്‍ വന്ന മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. 92 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് മത്സരിക്കാനാണ് ആലോചന. ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. ബാക്കി സീറ്റുകള്‍ ഇന്നു പരിഗണിക്കും. കെ.സുധാകരനും അടൂര്‍പ്രകാശും ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോന്നി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് സമവായത്തിന് വഴങ്ങേണ്ടി വന്നാല്‍ ഇരുവരെയും മത്സരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് കൂടി പരിഗണിച്ചാണ് രണ്ടു മണ്ഡലങ്ങള്‍ ഒഴിപ്പിച്ചിട്ടിരിക്കുന്നത്.
ഒമ്പത് വനിതകളടക്കം 55 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 19 സിറ്റിംഗ് എംഎല്‍എമാരും ആദ്യഘട്ട പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂരിനും കോന്നിക്കും പുറമേ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മണ്ഡലങ്ങള്‍ ആദ്യഘട്ട പട്ടികയില്‍ ഇല്ല. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും. മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ കെപി.സി.സി. അധ്യക്ഷന്റെ ചുമതല കൈമാറുന്നതിലും ചര്‍ച്ച പുരോഗമിക്കുകയാണ്. പേരാവൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ട സാഹചര്യത്തില്‍ സണ്ണി ജോസഫിനു കെപി.സി.സി. അധ്യക്ഷ പദവി കൂടി വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍. കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് ഉയരുന്നത്.
കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് അനുവദിച്ചിട്ടില്ല. ലൈംഗിക പീഡന കേസ് ഉള്ളതിനാല്‍ സീറ്റ് നല്‍കേണ്ടെന്നാണു ഹൈക്കമാന്‍ഡ് തീരുമാനം. പെരുമ്പാവൂര്‍ എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ അധ്യാപിക നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെരുമ്പാവൂരില്‍ ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടനു വേണ്ടി സിറോ മലബാര്‍ സഭ രംഗത്തുണ്ട്.
സുല്‍ത്താന്‍ ബത്തേരി സീറ്റിലും ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമായി. കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബത്തേരി എം.എല്‍.എ: ഐ.സി. ബാലകൃഷ്ണനാണ് ഒന്നാംപ്രതി. പക്ഷേ, അദ്ദേഹത്തിനു സീറ്റ് അനുവദിച്ചിട്ടുണ്ട്.