-->
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പിടിച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയില്‍ വലിയ ആത്മവിശ്വാസം പുലര്‍ത്തുന്ന ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചരണം ആരംഭിച്ചു. തിങ്കളാഴ്ച തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഏഴിടത്തെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ച കേന്ദ്ര നേതൃത്വം സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുകയാണ്. പാര്‍ട്ടിയിലെയും കേരളത്തിലെയും പ്രമുഖ മുഖങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ആദ്യം പ്രഖ്യാപിച്ച സീറ്റുകളില്‍ മത്സരത്തിനിറങ്ങുന്നത് എന്നതാണ് ഏറ്റവും വലിയ ആത്മവിശ്വാസം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വട്ടിയൂര്‍ക്കാവിലും, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കുട്ടത്തും മത്സരിക്കും. ഈ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തുടര്‍ച്ചയായ നാലാം തവണയും കാട്ടാക്കടയില്‍ നിന്ന് മത്സരിക്കും. ഇരു മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎല്‍എമാര്‍ക്കെതിരായ പ്രതിഷേധങ്ങളിലൂടെ ഇരുവരും നേരത്തെ തന്നെ അനൗദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടാനായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള മണ്ഡലങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും എന്നതാണ്് ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നത്. ഇവര്‍ക്കൊപ്പം ബിജെപി വലിയ വിജയപ്രതീക്ഷ വെയ്ക്കുന്ന സീറ്റുകള്‍ ആറ്റിങ്ങലില്‍ പി.സുധീര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാലയില്‍ ഗിരീഷ് നെയ്യാര്‍ എന്നിവയാണ്. ജില്ലയിലെ അവശേഷിക്കുന്ന വര്‍ക്കല, ചിറയിന്‍കീഴ്, വാമനപുരം, തിരുവനന്തപുരം, അരുവിക്കര, കോവളം, നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മണ്ഡലത്തിലേക്ക് ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരാള്‍. പാറശ്ശാലയില്‍ ഗിരീഷ് നെയ്യാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ കേരള കാമരാജ് കോണ്‍ഗ്രസ് നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നു. പല മണ്ഡലങ്ങളിലും നാടാര്‍ സമുദായം നിര്‍ണ്ണായക ശക്തിയാണ്.