-->
ഇറാനിലെ സ്‌കൂളില്‍ ബോംബിട്ടത് ഇറാന്‍ തന്നെയാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം പച്ചക്കള്ളമെന്ന തെളിവുകള്‍ പുറത്ത്. പുതുതായി പുറത്തുവന്ന വീഡിയോയിലാണ് ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ പതിച്ചാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് വ്യക്തമായത്.
ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്‌കൂള്‍ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു. ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്.
ഇറാനിലെ സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍' ഞായറാഴ്ചയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് മിനാബ് പട്ടണത്തിലെ സ്‌കൂളിനോട് ചേര്‍ന്നുള്ള നാവിക താവളത്തില്‍ ഒരു ടോമഹോക്ക് ക്രൂയിസ് മിസൈല്‍ പതിക്കുന്നത് വീഡിയോയില്‍ കാണാം. നിലവിലെ സംഘര്‍ഷത്തില്‍ ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിക്കുന്നത് യുഎസ് സൈന്യം മാത്രമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ചു.