-->
ഇന്ത്യക്കാരെ സംബന്ധിച്ച് റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതതോടെ പലരും ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. ചിലര്‍ ത്തരം പ്രവണതകളെ ചോദ്യം ചെയ്യാറുമുണ്ട്. അതുപോലെ, ഒരു പ്രവാസിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി മിനിറ്റുകള്‍ക്കകം ഡല്‍ഹിയിലെ ദൗള കുവാന്‍ മെട്രോ സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് വ്‌ലോഗറായ അനന് ഈ അനുഭവമുണ്ടായത്.
കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന ഒരാളെ അനന്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യം മാന്യമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്ന വ്യക്തി അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് അനന്‍ ക്യാമറ ഓണ്‍ ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ഇയാള്‍ വ്‌ലോഗറെ ആക്രമിക്കാന്‍ മുതിരുകയും പിന്നാലെ ഓടുകയും ചെയ്തു. ഉടന്‍ തന്നെ മെട്രോ സ്‌റ്റേഷനുള്ളിലേക്ക് ഓടിക്കയറി പൊലീസിന്റെ സഹായം തേടിയതിനാലാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായത് എന്നാണ് യുവാവ് പറയുന്നത്.
'വിദേശ രാജ്യങ്ങളിലെ ശുചിത്വം ഇന്ത്യയിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അക്രമാസക്തരാകുകയാണ് ചെയ്യുന്നത്. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും എന്ന മനോഭാവമാണ് പലര്‍ക്കും. ഇത് കാണുമ്പോള്‍ ആളുകളെ ബോധവല്‍ക്കരിക്കാനുള്ള താല്പര്യം തന്നെ നഷ്ടപ്പെടുന്നു' എന്ന് അനന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീഡിയോ ഇതിനോടകം അന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. 'പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നത് ചോദ്യം ചെയ്ത അനന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു, നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ മാറൂ'വെന്നാണ് പലരും കമന്റ് ചെയ്തത്.