-->
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. അന്നേദിവസം ഏറ്റവും അവസ്മരണീയമാക്കാന്‍ നമ്മുടെ ബന്ധുക്കളും സുഹൃത്തക്കളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വധുവിനെ എത്തിച്ചത് ആശുപത്രിയിലാണ്. വിവാഹ റിസപ്ഷനിടെ കൂട്ടുകാര്‍ പൊട്ടിച്ച പടക്കത്തിന്റെ (ഗുണ്ട്) അമിത ശബ്ദം താങ്ങാനാവാതെ വധു വേദിയില്‍ ബോധംകെട്ടു വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് ആനയിക്കപ്പെടുന്നതിനിടെയാണ് തൊട്ടടുത്ത് വെച്ച് സുഹൃത്തുക്കള്‍ വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളര്‍ന്നു വീഴുകയായിരുന്നു. ആഘോഷത്തിമിര്‍പ്പിലായിരുന്ന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് പരിഭ്രാന്തിയിലായി. ഉടന്‍തന്നെ വധുവിനെ എടുത്ത് അലങ്കരിച്ച വിവാഹവാഹനത്തില്‍ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 7.30ഓടെ പൂക്കളാല്‍ അലങ്കരിച്ച കാര്‍ ആശുപത്രി മുറ്റത്ത് പാഞ്ഞെത്തുന്നത് കണ്ട് രോഗികളും ബന്ധുക്കളും ആദ്യം ഒന്ന് അമ്പരന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് വധുവിന് അടിയന്തരമായി ഡ്രിപ്പ് നല്‍കി. ശാരീരിക അസ്വസ്ഥതകള്‍ മാറി ബോധം വീണ്ടെടുത്തതോടെ വധു സാധാരണ നിലയിലായി. തുടര്‍ന്ന് വൈകാതെ തന്നെ വരനോടൊപ്പം വധു തിരികെ റിസപ്ഷന്‍ ഹാളിലേക്ക് യാത്രതിരിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും, കൂട്ടുകാരുടെ ഈ 'സര്‍െ്രെപസ്' നവദമ്പതികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി മാറി.